മാന്നാർ:ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് ഭരണം നിലനിർത്തയ സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത്.
പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ നടന്ന അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ചെന്നിത്തലയിലെ രമേശിന്റെ വസതിക്ക് മുന്പിൽ ഇന്ന് ഉപവസിക്കുകയാണ്.രാവിലെ എട്ടിന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ ഉപവാസ സമരം ഉത്ഘാടനം ചെയ്തു.
രണ്ടു നയം!
സിപിഎം തൊട്ടടുത്ത രണ്ട് ഗ്രപഞ്ചായത്തുകളായ ചെന്നിത്തലയിലും തിരുവൻവണ്ടൂരിലും രണ്ട് നയമാണ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. ചെന്നിത്തലയിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഭായിമാരായപ്പോൾ തിരുവൻവണ്ടൂരിൽ യുഡിഎഫ് പിന്തുണച്ചപ്പോൾ സ്ഥാനങ്ങൾ എൽഡിഎഫ് രാജി വച്ചു.
ചെന്നിത്തല പഞ്ചായത്തിൽ യുഡിഎഫ് ആറ്,ബിജെപി ആറ്.എൽഡിഎഫ് അഞ്ച്,സ്വതന്ത്രൻ ഒന്ന് എന്ന തലത്തിലായിരുന്നു കക്ഷിനില. ഇവിടെ എൽഡിഎഫിന് നിരൂപാധിക പിന്തുണ നൽകുമെന്ന് യുഡിഎഫ് നേതാക്കൾ മുൻ കൂട്ടി പ്രഖ്യപിച്ചിരുന്നു.
ഇതനുസരിച്ച് യുഡിഎഫിലെ ആറ് ആംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫിലെ വിജയമ്മ ഫിലേന്ദ്രൻ 11 വോട്ടുകൾ നേടി പ്രസിഡന്റായി.സ്വതന്ത്രൻ വിട്ടുനിന്നു.ബിജെപി സ്ഥാനാർഥി ഗോപൻ ചെന്നിത്തലയ്ക്ക് ആറ് വോട്ടുകളും നേടി.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ കൂട്ടിയുള്ള ധാരണ പ്രകാരം സ്വതന്ത്രന്റ കൂടി വോട്ട് നേടി ഏഴ് വോട്ടുകളോടെ യുഡിഎഫിലെ രവി കുമാർ വിജയിച്ചു.ബിജെപിക്ക് ആറ് വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിലെ കെ.വിനു അഞ്ച് വോട്ടുകൾ നേടി.
ഇത്തരത്തിൽ പരസ്പര ധരണയിൽ എൽഡിഎഫ് യുഡിഎഫ് ധാരണയിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഇരു മുന്നണിയും പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ പങ്കിട്ടെടുത്തു.
എന്നാൽ തൊട്ടടുത്തുള്ള തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്ഥിതി നേരെ മറിച്ചായിരുന്നു.13 അംഗ ഭരണ സമതിയിൽ എൽഡിഎഫ് നാല്,യുഡിഎഫ് മൂന്ന്,ബിജെപി അഞ്ച്.സ്വതന്ത്രൻ ഒന്ന് എന്ന തലത്തിലായിരുന്നു കക്ഷിനില.
തിരുവൻവണ്ടൂരിലും സാധ്യമല്ലേ?
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പിന്തുണയോടെ ഏഴ് വോട്ടുകൾ വീതം നേടി എൽഡിഎഫിലെ ബിന്ദുകുരുവിള പ്രസിഡന്റായും ബീനാ ബിജു വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ബിജെപിയിസെ സജു ഇടയ്ക്കലിന് അഞ്ച് വോട്ടുകൾ ലഭിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി വിട്ടുനിന്നു.എന്നാൽ യുഡിഎഫ് പിന്തുണയിൽ വിജയിച്ചതിനാൽ എൽഡിഎഫിലെ ഇരുവരും ഉടൻ തന്നെ രാജി വയ്ക്കുകയും ചെയ്തു.
പുതിയ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് തീയതി വരണാധികാരി പിന്നീട് പ്രഖ്യപിക്കും. ചെന്നിത്തലയിൽ യുഡിഎഫ് വോട്ട് നേടി പ്രസിഡന്റാകാമെങ്കിൽ തൊട്ടടുത്തുള്ള തിരുവൻവണണ്ടൂരിൽ എന്തുകൊണ്ടായിക്കൂടാ എന്നാണ് പൊതുസമൂഹത്തിന്റെ ചോദ്യം.
പ്രതിപക്ഷ നേതാവ് നേരിട്ട് ഇടപെട്ട് ചെന്നിത്തലയിൽ എൽഡിഎഫിനെ സഹായിച്ചവെന്നാണ് ബിജെപി ആരോപണം.ഇതിൽ പ്രതിഷേധിച്ചാണ് രമേശ് ചെന്നിത്തലയുടെ വസതിക്ക് മുന്പിൽ തന്നെ ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.