തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ സമരം ആറാം ദിവസത്തിലേക്ക്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിട്ടുണ്ട്.
ഇന്ന് രാവിലെ അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യസ്ഥിതി മനസ്സിലാക്കി. ശബരിമലയിലെ 144 പിൻവലിക്കുക, കെ.സുരേന്ദ്രനെതിരെയുള്ള സർക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, ശബരിമലയിൽ അയ്യപ്പഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.എൻ.രാധാകൃഷ്ണൻ നിരാഹാരം ആരംഭിച്ചത്.
ബിജെപി ദേശീയ നേതൃത്വത്തിന്റെ ആശീർവാദത്തോടെ നിരാഹാരം ആരംഭിച്ച രാധാകൃഷ്ണന് പിന്തുണയുമായി ദേശീയ നേതാക്കളും ബിജെപിയുടെ സഖ്യകക്ഷികളും പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നലെ ബിഡിജഐസ് നേതാക്കൻമാരായ തുഷാർവെള്ളാപ്പള്ളി , നീലകണ്ഠൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കൾ സമരപന്തലിലെത്തി എ.എൻ.രാധാകൃഷ്ണന് പിന്തുണ അർപ്പിച്ചിരുന്നു.