പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പന്തളം സ്വദേശിയായ ശിവദാസൻ ആചാരിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തിരക്കഥ മെനഞ്ഞതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൽ. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.ശിവദാസന്‍ ആചാരിയുടെ മരണത്തില്‍ ഐജിമാരായ മനോജ് ഏബ്രഹാം ശ്രീജിത്ത് എന്നിവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും ഒക്ടോബര്‍ 22 വരെ നിരോധനാജ്ഞ നിലനിന്നിരുന്നു. ആ ദിവസങ്ങളില്‍ പോലീസ് അറിയാതെ അവിടെ ഒന്നും സംഭവിക്കില്ല. നിരോധനാജ്ഞയുടെ മറവില്‍ പോലീസ് അയ്യപ്പഭക്തരെ വേട്ടയാടി. നെയിം പ്ലേറ്റ് ധരിക്കാത്ത സിപിഎമ്മുകാരായ പോലീസുകാരാണ് തേര്‍വാഴ്ചയ്ക്ക് നേതൃത്വം നല്‍കിയത്.
നിലയ്ക്കലില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന പോലീസ് രാജുമായി ബന്ധപ്പെട്ടാണ് ഭക്തന്റെ മരണം ഉണ്ടായിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയുമായി തിടുക്കപ്പെട്ട് എത്തിയത് ഇതിന് അടിവരയിടുന്നുവെന്നും രാധാകൃഷ്ണൻ ആരോപിച്ചു.
ശിവദാസന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നത് അപകടമാണെന്ന പോലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നു. ശിവദാസനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ പോലും പോലീസ് തയാറായില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രാഥമിക അന്വേഷണം നടന്നില്ല. പോലീസിന്റെ ഭാഗത്തുനിന്നും അലംഭാവവും കൃത്യ വിലോപവും ഉണ്ടായി എന്നത് വ്യക്തമാണ്. മരണം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.