തലശേരി: ആധുനിക സൗകര്യങ്ങളോടു കൂടിയ തലശേരി ജോയിന്റ് ആർടിഒ ഓഫീസ് 18ന് യോനാ ടം കിൻഫ്രയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് എ.എൻ.ഷംസീർ എംഎൽഎ. ജോയിന്റ് ആർടിഒ ഓഫീസ് ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചോനാടത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൗകര്യ കുറവു കൊണ്ട് ബുദ്ധിമുട്ടുന്ന ഇപ്പോഴത്തെ ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് നടത്താനായി എത്തിയ പെൺകുട്ടി പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത ജോയിന്റ് ആർടി ഓഫീസിനെ കുറിച്ച് തനിക്കെഴുതിയ കത്താണ് പുതിയ ഓഫീസിനെകുറിച്ച് ചിന്തിക്കാൻ ഇടയാക്കിയതെന്ന് എംഎൽഎ പറഞ്ഞു.
തുടർന്ന് മന്ത്രി തലത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഓഫീസ് കിൻഫ്രയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എംഎൽഎക്ക് ഭൂമിയുള്ളതു കൊണ്ടാണ് ആർടിഒ ഓഫീസ് മാറ്റുന്നതെന്ന പ്രചരണമുണ്ടായി. തനിക്കെതിരെ വലിയ പ്രചാരണമാണുണ്ടായത്. നിലവിൽ ഒരു സെന്റ് ഭൂമി പോലും എനിക്കില്ല. ഇത്തരം പ്രചരണങ്ങളെ മുഖവിലക്കെടുക്കില്ല .
വികസന പ്രവർത്തനങ്ങളൂമായി മുന്നോട്ട് പോകും. .ആധുനിക സൗകര്യങ്ങളോടെയുള്ള ജോയിന്റ് ആർ.ടി.ഒ ഓഫീസാണ് ഇപ്പോൾ ഒരുങ്ങുന്നത്. തലശേരി മേൽപാലത്തിന്റെ അറ്റകുറ്റപ്പണി വിദഗ്ധ സംഘമാണ് ചെയ്യുന്നത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ്. അതു കൊണ്ടാണ് കാലതാമസമെടുക്കുന്നത്.
കണ്ടിക്കലിൽ. അമ്മയും കുഞ്ഞും ആശുപത്രിക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.251 സെന്റ് സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത്. ആശുപത്രി എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാനുള്ള നടപടിയാണ് സ്വീകരിച്ചു വരുന്നതെന്നും എംഎൽഎ തുടർന്ന് പറഞ്ഞു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ അധ്യക്ഷത വഹിച്ചു.
എൻഫോഴ്സ്മെൻറ് ആർടിഒ എം.പി. സുഭാഷ്, തലശേരി ജോയിന്റ് ആർ.ടി.ഒ എസ്.ഉണ്ണികൃഷ്ണൻ. എം.വി.ഐ ടി.വി.രഞ്ജിത്ത്, എ.എം.വി.ഐ എം.പി.റിയാസ് എന്നിവർ പ്രസംഗിച്ചു.