കേളകം: കണ്ണൂരിന്റെ മലയോര വനാതിർത്തി മേഖലകളിലെ മനുഷ്യരുടെയും ഒപ്പം വന്യജീവികളുടെയും നൊമ്പരങ്ങൾ തന്റേതു കൂടിയാണെന്നു കണ്ട് പ്രവർത്തിക്കുകയാണ് ആറളം വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാർഡൻ വി.മധുസുദനൻ നായർ. വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ സേവനമനുഷ്ടിക്കുന്ന ഈ കൂത്തുപറമ്പ് സ്വദേശി വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവരെ ചികിത്സയ്ക്കായി ഏത് കേന്ദ്രത്തിലും എത്തിക്കുകയും ചികിത്സ കഴിയുന്നതുവരെ അവരോടൊപ്പം ആശുപത്രിയിൽ ഉണ്ടാവുകയും ചെയ്യും.
വനത്തിനും വന്യജീവികൾക്കും സുരക്ഷയൊരുക്കുന്നതിലും ഇദ്ദേഹം കാണിക്കുന്ന മികവ് പറഞ്ഞറിയ്ക്കാനാവാത്തതാണ്. കഴിഞ്ഞ ദിവസം ആറളം ഫാമിൽ ശല്യക്കാരനായ കൊലയാളിയാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് മയക്കുവെടി വിദഗ്ധനെ സഹായിക്കുന്നതിൽ മധുസുദനൻ നായർ മുൻപന്തിയിലായിരുന്നു. പിടികൂടേണ്ട ആനയെ കണ്ടെത്തി തിരിച്ചറിഞ്ഞതും മധുസൂദനന്റെ നേതൃത്യത്തിലുള്ള സംഘമായിരുന്നു. ഒടുവിൽ 15 മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് ചുള്ളിക്കൊമ്പനെ കൂട്ടിലാക്കാനായത്.
വന്യജീവി ആക്രമത്തിലുണ്ടാവുന്ന കൃഷി നാശങ്ങൾക്ക് ധനസഹായമെത്തിക്കുന്നതിലും പരിക്കേൽകുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായമെത്തിക്കുന്നതിലും പരിസ്ഥിതി, ജലസംരക്ഷണ പ്രവർത്തനങ്ങളിലും പുലർത്തുന്ന മധുസൂദനന്റെ ജാഗ്രതയും ശ്രദ്ധേയമാണ്. ആറളം വനത്തിൽ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രകൃതി പഠന സംഘങ്ങൾക്കും മിത്രം കൂടിയാണ് ഈ ഫോറസ്റ്റ് റേഞ്ചർ.
ആറളം വന്യ ജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന കർഷകരുടെ ഉറ്റമിത്രം കൂടിയാണ് ഈ വനപാലകൻ. വളയംചാൽ മുതൽ അടയ്ക്കാത്തോട് വരെ നിർമാണം പുരോഗമിക്കുന്ന ആന പ്രതിരോധ മതിൽ അനുവദിച്ച് കിട്ടുന്നതിലും മുഖ്യപങ്ക് വഹിച്ചത് മധുസുദനൻ നായരാണ്.