ഫിലാഡല്‍ഫിയ: മനുഷ്യകുലത്തെയാകെ നാശത്തിലേക്കു നയിക്കുന്ന മയക്കുമരുന്നുകളുടെ പട്ടികയിലേക്ക് ആനകളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നും. “
സൈലാസൈന്‍’ ആണ് അടുത്തിടെ ആഗോള മയക്കുമരുന്നു വിപണിയിലേക്കു കടന്നുവന്നിരിക്കുന്നത്. കിറ്റമിൻ എന്ന മരുന്നിനൊപ്പം സൈലസിൻ ചേർത്താണ് ആനകളെ മയക്കാൻ ഉപയോഗിക്കുന്നത്.
“സോംബി ഡ്രഗ്’ വിഭാഗത്തിൽപ്പെടുന്ന സൈലാസൈന്‍ മയക്കുമരുന്നുകളിൽ കൊടുംഭീകരനായി അറിയപ്പെടുന്നു. ഇത് ഉപയോഗിച്ചാൽ സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും മനുഷ്യരെ തള്ളിവിടുന്നു.
കഴിഞ്ഞദിവസം യുകെയിലെ 43കാരന് സൈലാസൈന്റെ ഉപയോഗം മൂലം മരിച്ചിരുന്നു. ഈ മാരകമരുന്നിന്റെ യൂറോപ്പിലെ ആദ്യത്തെ അറിയപ്പെടുന്ന ഇരയാണ് ആ ബ്രിട്ടീഷ് പൗരന്.
ഇതോടനുബന്ധിച്ചു “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള ഭയാനകമായ വീഡിയോയും പുറത്തുവന്നു. ലോകമെങ്ങും ഞെട്ടലുളവാക്കിയ വീഡിയോയായി അത്.
ഫിലാഡല്‍ഫിയയിലെ കെന്‍സിങ്ടണിലെ തെരുവുകളിൽ മാരകമായ “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.
നിരവധി ആളുകളാണ് തെരുവില്‍ ഈ മാരകമയക്കു മരുന്ന് ഉപയോഗിച്ചു മായികവലയത്തില്പ്പെട്ടുകിടക്കുന്നത്. റാപ്ഹൗസ് ടിവി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്.
ഡ്രഗ് ഉപയോഗിച്ചതിനുശേഷം വീഡിയോയില്‍ കാണുന്നവരുടെ ചേഷ്ടകള്‍ ഭയപ്പെടുത്തുന്നവയാണ്.