തിരുവില്വാമല: ലോക്ക് ഡൗണിൽ പണിയില്ലാതായപ്പോൾ തേക്കിൻതടിയിൽ ആനകളെ കൊത്തിയെടുത്ത് വിസ്മയം തീർക്കുകയാണ് രണ്‍ജിത്ത് എന്ന യുവാവ്. ഗുരുവായൂർ കേശവൻ, പാന്പാടി രാജൻ, കോലവുമായി നിൽക്കുന്ന തിരുവന്പാടി ശിവസുന്ദർ തുടങ്ങിയ ആനകളും മറ്റു ശിൽപ്പങ്ങളും തേക്കിൻതടിയിലും പലകയിലും കൊത്തിയെടുത്തിട്ടുണ്ട് ആനപ്രേമി കൂടിയായ പട്ടിപ്പറന്പ് കുറുമങ്ങാട്ട്പടി രണ്‍ജിത്ത്.
മരത്തിൽ കൊത്തുപണികളോടുകൂടിയ വാതിലും കട്ടിളയുമൊക്കെ നിർമ്മിക്കാറുണ്ടെങ്കിലും ലോക്ക് ഡൗണ്‍ ദിനങ്ങളിൽ പണിയില്ലാതെ വെറുതെ ഇരുന്നപ്പോഴാണ് ആനകളുടെ ശിൽപ്പം തീർക്കാൻ ഒരുങ്ങിയത്.
ഒരു ആനയുടെ രൂപമെന്നതിലുപരി ഓരോ ആനയ്ക്കുമുള്ള രൂപഭംഗിയും പ്രത്യേകതകളും ശിൽപ്പം നോക്കിയാൽ ഒറ്റനോട്ടത്തിൽ അറിയാം. ഉത്സവങ്ങൾക്കു പോകുന്പോൾ തനിക്ക് ഇഷ്ടപ്പെട്ട അനകളുടെ രൂപഭംഗി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നു ഇരുപത്തേഴുകാരനായ രണ്‍ജിത്ത് പറഞ്ഞു.
ഏറെ നാളായി ആഗ്രഹിച്ചിരുന്നതാണെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് അവസരം ഒത്തുവന്നത്. ചുമരിൽ വെക്കാവുന്ന ആനയുടെ തല, ശ്രീകൃഷ്ണൻ, വാൽകണ്ണാടി, കഥകളി രൂപം തുടങ്ങിയവയും രണ്‍ജിത്തിന്റെ ശേഖരത്തിലുണ്ട്. സുഹൃത്ത് സുധീഷും സഹായിയായി കൂടെയുണ്ട്.