സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചാൽ പ്രശസ്തി മാത്രമല്ല കൈനിറയെ പണവും ലഭിക്കും. ഇതിന്റെ രുചി അറിഞ്ഞാൽ അതിൽനിന്നു മാറാൻ ആഗ്രഹിക്കില്ലെന്നു മാത്രമല്ല, പിടിച്ചുനിൽക്കാൻ പതിനെട്ടടവും പയറ്റുകയും ചെയ്യും. എന്നാൽ, ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലുമായി പത്തു ലക്ഷത്തോളം ഫോളോവേഴ്സുള്ള അന വോൾഫർമാൻ (23) എന്ന വെനസ്വേലക്കാരി പറയുന്നതു കേട്ടാൽ സാമൂഹിക മാധ്യമത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്നറിഞ്ഞ് അമ്പരന്നുപോകും.
സാമൂഹികമാധ്യമ ജീവിതം മടുത്തെന്നാണ് ഈ യുവതി പറയുന്നത്. സ്ഥിരവരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കുകയാണെന്നും കിട്ടിയാൽ ഈ മേഖല വിടുമെന്നും ഇവർ പറയുന്നു. നിലവിൽ ന്യൂയോര്‍ക്കിൽ താമസിക്കുന്ന അന വോൾഫർമാൻ, കോവിഡ് വ്യാപനസമയത്താണ് തന്റെ ടിക് ടോക്ക് അക്കൗണ്ട് തുടങ്ങുന്നത്. ഫാഷനും സൗന്ദര്യവും വിഷയമാക്കിയ അനയുടെ വീഡിയോകള്‍ക്കു പെട്ടെന്നുതന്നെ വലിയ പ്രചാരം ലഭിച്ചു. വൈകാതെ ടെലിമുണ്ടോയുടെ നെറ്റ്ഫ്ലിക്സ് പരമ്പരയായ “മരിപോസ ഡി ബാരിയോ’യിലെ റോസി റിവേര എന്ന കഥാപാത്രത്തിലെത്തിച്ചു. അതോടെ പെരുമയേറി.
ഇപ്പോഴിതു മടുക്കാനുള്ള കാരണവും അന വിശദീകരിക്കുന്നണ്ട്. ജീവിതകാലം മുഴുവൻ സ്വയം എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കാന്‍ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഓരോ ദിവസവും സാമൂഹികമാധ്യമത്തില്‍ എന്ത് വിഷയം ഇടുമെന്ന ചിന്ത വലിയ സമ്മര്‍ദമാണു സൃഷ്ടിക്കുന്നത്. ഇതില്‍നിന്നു വിടുതല്‍ തേടിയാണു ജോലിക്കു ശമിക്കുന്നതെന്നും ഒരു അഭിമുഖത്തില്‍ അന പറഞ്ഞു. സാമൂഹിക മാധ്യമത്തിൽനിന്നു ലഭിക്കുന്ന പണത്തിലേറെയും നികുതി ഇനത്തില്‍ വകമാറ്റപ്പെടുകയാണെന്നും അന വ്യക്തമാക്കി.
ഇപ്പോൾ ലഭിക്കുന്നത്ര പണം മറ്റൊരു ജോലിയില്‍നിന്നും ലഭിക്കില്ലെന്നറിയാം. പക്ഷേ, ഇതിൽനിന്നു വ്യത്യസ്തമായി മറ്റുള്ളവരോടൊപ്പം ജോലി ചെയ്യാൻ താന്‍ ആഗ്രഹിക്കുന്നു. എന്നാൽ തന്റെ ഈ തീരുമാനത്തെ കുടുംബവും സുഹൃത്തുക്കളും എതിര്‍ക്കുകയാണെന്നും അന വെളിപ്പെടുത്തി. അവനവനു തോന്നുന്ന കാര്യം മാത്രം ചെയ്യുകയും അതില്‍നിന്നു ധാരാളം വരുമാനമുണ്ടാക്കുകയും ചെയ്യുന്നത് കളഞ്ഞ് എന്തിനാണു മറ്റുള്ളവര്‍ക്കു വേണ്ടി ജോലി ചെയ്യുന്നതെന്നാണ് അവരുടെ ചോദ്യം.
എന്നിരുന്നാലും മാറ്റം വേണമെന്ന തീരുമാനത്തിൽനിന്നു തത്കാലം അന പിന്നോട്ടു പോയിട്ടില്ല. അതേസമയം, യുഎസിലെ പുതിയ തലമുറയിലെ 60 ശതമാനം പേരും സാമൂഹിക മാധ്യമ ഇന്ഫ്ലുവന്സര്മാരാകാൻ താൽപര്യമുളളവരാണെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠന റിപ്പോർട്ട്.