തിരുവനന്തപുരം: വോട്ട് നഷ്ടപ്പെടുമെന്നു ഭയന്നു ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്താനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരിഗണയിലുള്ളത് ഒന്നു മാത്രമാണെന്നും അതു കേരളത്തെ പുരോഗമന സ്വഭാവത്തിൽ നിലനിർത്തുക എന്നതതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാരത്തിന്േറയും വിശ്വാസത്തിന്േറയും പേരിൽ മനുഷ്യനെ വേർതിരിക്കുന്നവർ കേരളത്തിൽ പ്രവർത്തിക്കുന്നു. സമൂഹത്തിൽ വലിയ വിടവുകളുണ്ടാക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നു. ഇതു വിജയിക്കാൻ അനുവദിച്ചാൽ ഇന്നു കാണുന്ന കേരളം ഉണ്ടാകില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കാനാവില്ല. ഹിറ്റ്ലറെപ്പോലെ കേരളത്തിൽ ചേരിതിരിവുണ്ടാക്കാനാണു ചിലരുടെ ശ്രമം.
ശ്രേഷ്ഠനെന്നും മ്ലേച്ഛനെന്നും അവർണനെന്നും സവർണനെന്നും വേർതിരിക്കാനാണു ശ്രമം. വോട്ട് നഷ്ടപ്പെടുമെന്നു ഭയന്ന് ഇത്തരം അനാചാരങ്ങളെ അനുവദിക്കാനാവില്ല- മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലത്തെ അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമായി വരുന്നതിനെ അനുവദിച്ചു കൊടുക്കാതിരിക്കുക എന്നതാണു ഭരണത്തിന്റെ കർത്തവ്യമെന്നും എത്ര വോട്ട് കിട്ടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.