ആമസോൺ മഴക്കാടിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ അനക്കോണ്ട ചത്തു. നോർത്തേൺ ഗ്രീൻ അനക്കോണ്ടയായ അന ജൂലിയ ആണ് ചത്തത്. മരണകാരണം വ്യക്തമല്ല. വെടിയേറ്റ് മരണപ്പെട്ടതാണെന്നും സ്വഭാവിക മരണമാണെന്നും അഭിപ്രായങ്ങളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഈ അനക്കോണ്ടയെ നാഷനൽ ജോഗ്രഫി ഡിസ്നി പ്ലസിനായുള്ള സീരിസ് ചിത്രീകരിക്കുന്നതിനിടെയാണ് കാണുന്നത്. അവതാരകനായ പ്രഫ. ഫ്രീക്ക് വോങ് ആണ് പാമ്പിന്റെ ചിത്രം പങ്കുവച്ചത്.
മനുഷ്യന്റെ തലയുടെ അത്ര വലിപ്പമുള്ളതാണ് അനക്കോണ്ടയുടെ തല. 26 അടിയിലധികം നീളവും 200 കിലോയോളം ഭാരവുമുണ്ട്.
ഇരയെ ശ്വാസംമുട്ട് കൊന്ന് വിഴുങ്ങുന്നതാണ് ഇവയുടെ രീതി. അനക്കോണ്ടയുടെ നാലിനങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ ഒരു കോടി വർഷം മുൻപ് സതേൺ ഗ്രീൻ അനക്കോണ്ടയിൽ നിന്ന് ജനിതകപരമായി വേർപെട്ടതാണ് നോർത്തേൺ ഗ്രീൻ അനക്കോണ്ടകളെന്ന് ഡൈവേഴ്സിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.