സിജോ പൈനാടത്ത്
കൊച്ചി: ഉത്തേരന്ത്യയിൽ നിന്ന് അനാഥക്കുട്ടികളുടെ കേരളത്തിലേക്കുള്ള വരവിൽ വർധനവ്. പ്രതിവാരം കേരളത്തിലേക്കെത്തുന്ന അനാഥ കുട്ടികളുടെ എണ്ണം ശരാശരി പത്തു മുതൽ പതിനഞ്ചു വരെയാണെന്നാണു ശിശുക്ഷേമ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ വിലയിരുത്തൽ. നേരത്തെ ഇതു പത്തിൽ താഴെയായിരുന്നു.
ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു കൊച്ചിയിലേക്കാണ് കൂടുതൽ അനാഥക്കുട്ടികൾ എത്തുന്നതെന്നു ചൈൽഡ്ലൈനിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ചൈൽഡ് ലൈൻ വോളണ്ടിയർമാർക്കു കിട്ടിയതു നാലു കുട്ടികളെയാണ്. ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ ദീർഘദൂര ട്രെയിനുകളിൽ നിന്നാണു കുട്ടികളെ കണ്ടെത്തിയത്.
അഞ്ചും ഏഴും പതിനാലും വയസുള്ള മൂന്ന് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ട്രെയിനുകളിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. ഇതിൽ പതിനാലു വയസുള്ള ആണ്‍കുട്ടി മാനസിക വൈകല്യമുള്ളതാണ്. ഹിന്ദി സംസാരിക്കുന്നവരാണ് കണ്ടെത്തിയ എല്ലാവരുമെന്നു ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ബിനു ലോറൻസ് പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ട്രെയിനുകളെത്തുന്ന റെയിൽവേ സ്റ്റേഷൻ എന്ന നിലയിലാണ് അവിടുന്നു വണ്ടി കയറി കൊച്ചിയിലേക്ക് കുട്ടികൾ വലിയ തോതിൽ എത്തുന്നതത്രെ. ഷൊർണൂർ, ആലുവ, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും അനാഥകുട്ടികളെ കണ്ടെത്തുന്നുണ്ട്.
മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഒറീസ എന്നിവിടങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന് കുട്ടികളെ കണ്ടെത്തി ചൈൽഡ് ലൈൻ പ്രവർത്തകർ ജില്ലാ ശിശുക്ഷേമ സമിതികൾക്കു (സിഡബ്ലിയുസി) കൈമാറിക്കഴിഞ്ഞു. 18 വയസു വരെയുള്ള കുട്ടികളെയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു സിഡബ്ലിയുസിക്കു കൈമാറുന്നത്.
എറണാകുളം സഹൃദയയുടെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ഹെൽപ് ഡസ്ക് ആരംഭിച്ചതിന്റെ ആദ്യദിനത്തിലാണ് നാലു കുട്ടികളെ കണ്ടെത്തിയത്. കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയത്തിന്റെയും റെയിൽവേയുടേയും ചൈൽഡ് ലൈൻ ഇന്ത്യാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരളത്തിലെ ആദ്യത്തെ ചൈൽഡ് ഹെൽപ് ഡസ്കാണു കൊച്ചിയിൽ ആരംഭിച്ചത്.
മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടികൾ വീട്ടിലെ നിസാര പ്രശ്നങ്ങളുടെ പേരിൽ നാടുവിട്ട് കേരളത്തിലേക്കെത്തുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു. കണക്ക് പഠിക്കാൻ ഇഷ്ടമില്ലാത്ത ബിടെക് വിദ്യാർഥിയായ മഹാരാഷ്ട്ര സ്വദേശി നാടുവിട്ടു കഴിഞ്ഞ ദിവസം കേരളത്തിലേക്കെത്തിയതു, മാതാപിതാക്കൾ നിർബന്ധിച്ച് എൻജിനിയറിംഗ് പഠിക്കാൻ വിട്ടതിലുള്ള അതൃപ്തികൊണ്ടായിരുന്നു.
ചൈൽഡ് ലൈൻ കണ്ടെത്തുന്ന കുട്ടികളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ വെളിച്ചത്തിൽ ബന്ധുക്കളുമായി ബന്ധപ്പെട്ട് അവരെ അവിടേയ്ക്കയക്കുന്നതിനും ശിശുക്ഷേമ സമിതിക്കു സംവിധാനമുണ്ട്.