ചെങ്ങാലൂർ: മാട്ടുമലയിൽ കുന്നിടിച്ച് മണ്ണ് കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.സ്വകാര്യവ്യക്തിയുടെ ക്രഷറിനോട് ചേർന്നുള്ള സ്ഥലത്ത് മാസങ്ങൾക്ക് മുൻപ് കുന്നിടിച്ച് കൂട്ടിയിട്ടിരുന്ന മണ്ണാണ് കടത്താൻ ശ്രമിച്ചത്.മണ്ണെടുത്തിരുന്ന ജെസിബിയും ടിപ്പർ ലോറിയും നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു.
അനധികൃതമായി കുന്നിടിച്ചതിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് അന്ന് കൂട്ടിയിട്ടിരുന്ന മണ്ണാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ചത്.
പ്രളയത്തിൽ മാട്ടുമലയുടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മലയുടെ പലഭാഗങ്ങളിൽ നടക്കുന്ന അനധികൃത കുന്നിടിച്ചലും മണ്ണെടുപ്പുമാണ് മണ്ണിടിച്ചലിന് കാരണമാകുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ആരോപിച്ചു.മാട്ടുമലയിൽ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറികളിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇപ്പോൾ നടക്കുന്ന കുന്നിടിച്ചലും ഉരുൾപ്പൊട്ടലുണ്ടാകാൻ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
രാവും പകലുമില്ലാതെ നടക്കുന്ന അനധികൃത മണ്ണെടുപ്പ് തടയണമെന്നും, ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരിഷത്ത് പ്രവർത്തകരായ പി.എൻ.ഷിനോയ്, വി.ആർ.രബീഷ്, വി.എ.ലിന്റൊ എന്നിവർ ആവശ്യപ്പെട്ടു. പിടികൂടിയ വാഹനങ്ങൾ ആർഡിഒക്ക് കൈമാറുമെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.