പോത്തൻകോട്: ദേശീയപാതയിൽ കോരാണി കാരിക്കുഴി വളവിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറി നിയമ വിദ്യാർഥിനി മരിച്ചു.
ലോ കോളജ് മൂന്നാം വർഷ വിദ്യാർഥിനി അനൈന (21) യാണു മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗർ വന്ദനം ഹൗസിൽ വാടകയ്ക്കു താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകളാണ്.
സഹോദരൻ അംജിത്തിന്റെ പെണ്ണുകാണൽ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം.
എതിർ ദിശയിൽ അമിതവേഗത്തിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു.
കാർ ഓടിച്ചിരുന്ന സഹോദരൻ അംജിത്തിനെയും മാതാപിതാക്കളെയും പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.