നൊസ്റ്റാൾജിയ നിറഞ്ഞ് തുളുമ്പുന്ന ചിത്രത്തിൽ പ്രണയമുഖത്തിന്റെ മേലാപ്പ് കെട്ടാനായിരുന്നു അനഘയ്ക്ക് അവസരം കിട്ടിയത്. സ്ക്രീൻ നിറയെ താരങ്ങൾ തലങ്ങും വിലങ്ങും പായുന്പോൾ കണ്ണുകൾ കൊണ്ട് പ്രണയം കാട്ടി റോസ് രക്ഷാധികാരി ബൈജു ഒപ്പിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. പ്രണയത്തിന്റെ രണ്ട് മുഖങ്ങൾ തുറന്നു കാട്ടുന്ന ചിത്രത്തിലെ മോഡേണ് പ്രണയങ്ങളോട് സാമ്യമുള്ള കഥകൾക്കിടയിലൂടെ കടന്നു പോയപ്പോൾ റോസിന്റെ നിഷ്കളങ്കമായ ഭാവങ്ങൾ ഏവരുടെയും കണ്ണുകളിൽ ഉടക്കിയിട്ടുണ്ടെന്നുള്ളത് തീർച്ചയാണ്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന തന്റെ കന്നി ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് അനഘ വാചാലയാകുന്നു.
കുഞ്ഞുനാൾ മുതൽ സിനിമ മനസിലുണ്ടെങ്കിലും ഈ മേഖലയിൽ കയറിപ്പറ്റാനുള്ള വഴികൾ എന്തെന്ന് അറിയില്ലായിരുന്നു. എത്രയോ പേർ അഭിനയമോഹവുമായി സിനിമയിൽ അവസരം കിട്ടാൻ മെനക്കെട്ടു നടക്കുന്നു. അപ്പോൾ പിന്നെ വീട്, ബന്ധുക്കൾ, സുഹൃത്തുക്കൾ പിന്നെ പഠനം ഈ ഒരു ഒഴുക്കിൽ പോയിരുന്ന ഞാൻ എങ്ങനെ സിനിമയിൽ എത്താനാണ്.അച്ഛനും അമ്മയും അധ്യാപകരാണ്. അവരോട് ഈ മോഹം പറയാനും പറ്റില്ല. അക്കാഡമിക്കലി ഞാൻ മുന്നേറണം എന്നായിരുന്നു അവരുടെ ആഗ്രഹം. അപ്പോൾ പിന്നെ എന്താ ചെയ്യുക, അത്തരം മോഹങ്ങളെല്ലാം മനസിലൊളിപ്പിച്ച് അങ്ങ് നടക്കുക. സ്വന്തം നാടായ കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും എറണാകുളത്തേക്കുള്ള വരവിലാണ് വർഷങ്ങൾ പഴക്കമുള്ള തന്റെ മോഹങ്ങളിലേക്കുള്ള വഴി അവിചാരിതമായി തുറന്നു കിട്ടിയത്.
അവിചാരിതമായി സിനിമയിൽ
സുഹൃത്തുക്കൾ വഴിയാണ് രക്ഷാധികാരി ബൈജു ഒപ്പിൽ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. അവരാണ് എന്റെ ഫോട്ടോ ഡയറക്ടർക്ക് അയച്ചു കൊടുക്കുന്നത്. സമയം ശരിയായതുകൊണ്ടോ എന്തോ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് ഓഡിഷന് വിളിക്കുകയായിരുന്നു.
റോസാകാൻ നാലുപേർ
ഓഡിഷന് എത്തിയപ്പോൾ റോസ് ആകാൻ എന്നെയും ചേർത്ത് നാലുപേർ ഉണ്ടായിരുന്നു. സിനിമയിലെ തന്നെ ഒരു രംഗം തന്നിട്ട് അത് അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. കിട്ടുന്നേൽ കിട്ടട്ടേയെന്നു പറഞ്ഞ് ആ രംഗം അഭിനയിച്ചു. ഉള്ളതിൽ മെച്ചം ഞാനാണെന്ന് തോന്നിയിട്ടോ എന്തോ ഡയറക്ടർ രഞ്ജൻ പ്രമോദ് സാർ എന്നെ സെലക്ട് ചെയ്തു.
തുടക്കം മുതൽ ലൊക്കേഷനിൽ
സിനിമയിൽ മുൻപരിചയം ഒന്നും ഇല്ലാത്തതുകൊണ്ട് ഡയറക്ടർ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ എന്നോട് ലൊക്കേഷനിലെത്താൻ പറഞ്ഞു. അതുകൊണ്ട് സിനിമയുടെ തുടക്കം മുതൽ ഞാൻ ലൊക്കേഷനിൽ ഉണ്ട്. സീനിയേഴ്സായിട്ടുള്ളവരുടെ അഭിനയവും സെറ്റിലെ കാര്യങ്ങളുമെല്ലാം കണ്ട് കറങ്ങിനടക്കുക, ഇതാണ് പരിപാടി. അഞ്ച്, ആറ് ദിവസം കഴിഞ്ഞപ്പോൾ സെറ്റിലെ എല്ലാവരുമായി കന്പനിയായി. അതുകൊണ്ട് എന്റെ സീൻ ഷൂട്ട് ചെയ്യുന്ന ദിവസം വന്നപ്പോൾ അതുവരെ ഉണ്ടായിരുന്ന ടെൻഷനെല്ലാം പന്പ കടന്നു.
കാമറയ്ക്ക് മുന്നിൽ
നേരെ ഷൂട്ടിന് വന്ന് സമയമാകുന്പോൾ അഭിനയിക്കാൻ പോയി നിന്നിരുന്നേൽ ടെൻഷനടിച്ച് എല്ലാം കുളമായേനെ. ലൊക്കേഷനിൽ നേരത്തെ വന്നതിന്റെയും മറ്റും ഗുണം അപ്പോഴാണ് മനസിലാകുന്നത്. ആദ്യ രംഗം ഒറ്റ ടേക്കിൽ ഓക്കെ ആയില്ലെങ്കിലും കാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ടെൻഷനൊന്നും ഇല്ലായിരുന്നു. ആദ്യ ഷോട്ട് മൂന്നു ടേക്ക് എടുത്തപ്പോൾ ഓക്കെയായി എന്നാണ് തോന്നുന്നത്. നേരത്തെ തന്നെ സെറ്റിലുള്ളവരുമായി കന്പനിയായതിനാൽ സ്മൂത്തായി എല്ലാം ചെയ്യാൻ പറ്റി.
റോസും അനഘയും
സിനിമയിലെ റോസിനെ പോലെയല്ല ഞാൻ. റോസും ഞാനും തമ്മിൽ ഒറ്റ കാര്യത്തിലെ ചേർച്ചയുള്ളു. റോസിനെ പോലെ ഞാനും അധികം സംസാരിക്കില്ല. ബാക്കി കാര്യങ്ങളിൽ ഞാനും റോസും തമ്മിൽ ഒട്ടും ചേർച്ചയില്ല. ചറപറാന്ന് സംസാരിക്കില്ലെങ്കിലും ഞാൻ ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോകും. അല്പ സ്വല്പമൊക്കെ കത്തിവയ്ക്കും. ഒരു ജോളി ടൈപ്പാണ്. റോസ് പക്ഷേ അങ്ങനെയൊന്നും അല്ലല്ലോ(ചിരിക്കുന്നു). വളരെ സൈലന്റായി ഒതുങ്ങിക്കൂടുന്ന കഥാപാത്രമല്ലേ. ഇതൊക്കെ പറഞ്ഞപ്പോളാണ് ഒരു കാര്യം ഓർമ വന്നത്. ആദ്യത്തെ സീനെല്ലാം സ്മൂത്തായി പോയെങ്കിലും ബിജുമേനോൻ ചേട്ടനുമായുള്ള രംഗം ചെയ്യാൻ നന്നേ പാടുപെട്ടു.
പന്പ കടന്ന ടെൻഷൻ തിരികെ എത്തി
ബിജുമേനോൻ ചേട്ടനുമായി നേർക്കുനേരെയുള്ള സീൻ. സംഭവം സിന്പിളായിരുന്നു. പക്ഷേ ബിജു ചേട്ടൻ ഡയലോഗ് പറയും ഞാൻ മിഴിങ്ങസ്യാന്ന് നോക്കി നിൽക്കും. പേടിച്ചിട്ടാണോയെന്ന് അറിയില്ല, എനിക്കൊന്നും പറയാൻ പറ്റുന്നില്ല. പിന്നെ ബിജു ചേട്ടൻ ഇങ്ങനെ പറഞ്ഞാൽ മതി ശരിയാകും എന്നെല്ലാം പറഞ്ഞ് ഒരു കോണ്ഫിഡൻസ് തന്നു. ഒടുവിൽ എങ്ങനെയൊക്കയോ ആ സീൻ ഓക്കെയായി. ആ ഷോട്ട് കഴിഞ്ഞപ്പോൾ കിട്ടിയ ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
സംവിധായകൻ രഞ്ജൻ പ്രമോദ്
റോസിനെക്കുറിച്ച് വിശദമായി തന്നെ സംവിധായകൻ പറഞ്ഞ് തന്നിരുന്നു. ചുമ്മാ അങ്ങ് അഭിനയിച്ചാൽ മതി ശരിയായിക്കോളുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. റോസെന്ന കഥാപാത്രം നല്ലപോലെ ചെയ്യാൻ പറ്റിയത് ഡയറക്ടറുടെയും മറ്റ് സഹപ്രവർത്തകരുടെയും സപ്പോർട്ടു കൊണ്ട് മാത്രമാണ്.നാച്വറലായി തന്നെ റോസിനെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമ ഇറങ്ങിയ ശേഷം പലരും പറഞ്ഞത്. അങ്ങനെയുള്ള അഭിപ്രായം വന്നതിന് ശരിക്കും നന്ദി പറയേണ്ടത് ദീപക്കിനോടാണ് (സിനിമയിലെ മനോജ്).
ദീപക്ക് സിന്പിളാണ്
കോന്പിനേഷൻ സീൻസെല്ലാം മനോജുമായിട്ടായിരുന്നല്ലോ. നാട്ടിൻപുറത്തെ ഒരു ചെറുപ്പക്കാരനെ പോലെ തന്നെ വളരെ ഫ്രണ്ട്ലിയായിരുന്നു എന്നോട്. പ്രണയ രംഗങ്ങളെല്ലാം അഭിനയിക്കാൻ ആദ്യമൊക്കെ ചമ്മലുണ്ടായിരുന്നെങ്കിലും അതൊക്കെ പതുക്കെ മാറി. ശരിക്കും ഞാൻ സിനിമയിലെ റോസ് ആയി ആ ദിവസങ്ങളിൽ മാറിയെന്നുള്ളതാണ് ശരി. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്കൗണ്ടായില്ലെങ്കിൽ സംഭവം കുളമാകുമല്ലോ. ഷോട്ട് എടുക്കുന്നതിന് മുന്നേ തന്നെ ദീപക്കിനോട് പോയി സംസാരിച്ചു. ആള് സിന്പിളാണെന്ന് മനസിലായതോടെ ആശ്വാസമായി. എന്തോ ദൈവഭാഗ്യം കൊണ്ട് ഞങ്ങൾ തമ്മിലുള്ള കോന്പിനേഷൻ സീൻസിനെല്ലാം നല്ല അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
മൂന്നുവട്ടം ചിത്രം കണ്ടു
ആദ്യ ദിവസം അച്ഛനും അമ്മയ്ക്കും ഒപ്പം തിയറ്ററിൽ പോയി സിനിമ കണ്ടു. ശരിക്കും ചിത്രം ആസ്വദിക്കാൻ പറ്റിയില്ല.ചെയ്ത സീൻസെല്ലാം ശരിയായോ ഇല്ലയോയെന്നുള്ള വെപ്രാളം.ബിഗ് സക്രീനിൽ എന്നെ കണ്ടതോടെ ഒരു വലിയ സ്വപ്നം സഫലമായതിന്റെ ത്രിൽ. എല്ലാംകൊണ്ടും സന്തോഷിച്ച ദിനം. സിനിമ കണ്ടുവെന്നേയുള്ളു ഞാൻ മറ്റൊരു ലോകത്തായിരുന്നു. അമ്മയ്ക്ക് സിനിമ വീണ്ടും കാണണം എന്നു പറഞ്ഞപ്പോൾ വീണ്ടും തിയറ്ററിലേക്ക് പാഞ്ഞു. അന്ന് നല്ലവണ്ണം സിനിമ ആസ്വദിച്ചു. എറണാകുളത്തെ സുഹൃത്തുക്കളുമൊത്താണ് മൂന്നാം വട്ടം സിനിമയ്ക്ക് പോയത്. അന്ന് ഫ്രണ്ട്സ് എല്ലാം കൂടെ എന്നെ കളിയാക്കി കൊന്നു. ഓരോ സീനിനും അപ്പപ്പോൾ ഉള്ള വിലയിരുത്തലുകളായിരുന്നു.
അച്ഛനും അമ്മയും ഹാപ്പിയായി
സിനിമാ മേഖലയിലേക്ക് വരുന്നതിനോട് വീട്ടിൽ വലിയ താത്പര്യമില്ലായിരുന്നു. ഓഡിഷന് പോയത് തന്നെ ഇഷ്ടപ്പെട്ടില്ലായെന്നു പറയാം. അച്ഛൻ കുട്ടികൃഷ്ണനും അമ്മ ലീലയും റിട്ടയേർഡ് അധ്യാപകരാണ്. എൻജിനിയറിംഗ് പഠനം കഴിഞ്ഞ് ഇന്റേൺഷിപ്പിന് എറണാകുളത്ത് എത്തിയപ്പോളാണ് ഇങ്ങനെ ഒരു അവസരം കിട്ടിയത്. ചേച്ചി മഞ്ജുവാണ് ആദ്യം ഉടക്കി നിന്ന അച്ഛനെയും അമ്മയേയും കാര്യം പറഞ്ഞ് മനസിലാക്കിയത്. അവൾ അഭിനയിക്കാൻ പൊക്കോട്ടെ, എങ്ങനെയുണ്ടെന്ന് നോക്കാലോ എന്നെല്ലാം പറഞ്ഞ് സമ്മതിപ്പിച്ചു. സിനിമ കണ്ടിറങ്ങിയ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ചിരി കണ്ടതോടെ അവർക്കൊപ്പം ഞാനും ശരിക്കും ഹാപ്പിയായി. ഇപ്പോൾ വീട്ടിലെ കുഞ്ഞു സ്റ്റാറാണ് ഞാൻ.
ഇതു തന്നെയല്ലേ റോസ്
തിയറ്ററിൽ നിന്ന് വെളിയിൽ ഇറങ്ങിയതോടെ പലർക്കും ഒരു സംശയം മുന്നിൽ നിൽക്കുന്നയാളല്ലേ സിനിമയിൽ കണ്ട റോസെന്ന്. ചിലർ സംശയത്തോടെ നോക്കിയങ്ങ് പോയി. മറ്റു ചിലർ രക്ഷാധികാരിയിലെ റോസല്ലേയെന്നു ചോദിച്ച് അടുത്തുവന്നു. അതെ എന്നു പറഞ്ഞതോടെ പിന്നെ കുശലാന്വേഷണമായി. അവർ വാതോരാതെ സംസാരിച്ചപ്പോൾ ഞാനും വിട്ടുകൊടുത്തില്ല കുറച്ചു നേരം ഞാനും അവർക്കാപ്പം കത്തിവച്ചു.
അനഘയെ സിനിമയിലെടുത്തു
സിനിമ റിലീസായതോടെ വാട്സപ്പിലും മറ്റും കൂട്ടുകാർ അനഘയേയും സിനിമയിലെടുത്തു എന്നായി കമന്റ് പാസാക്കൽ. ചെറുപ്പം മുതൽ ക്ലാസിക്കൽ ഡാൻസൊക്കെ പഠിച്ചിട്ടുണ്ട്. കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനവും നേടിയിട്ടുണ്ട്. അത്രയേയുള്ളു കലയുമായുള്ള ബന്ധം. ഞാൻ അഭിനയിക്കും എന്നൊന്നും സുഹൃത്തുക്കൾ കരുതിക്കാണില്ല. എന്തായാലും എന്നെ സിനിമയിലെടുത്തത് എല്ലാവർക്കും അങ്ങ് ബോധിച്ചു.
പ്രണയം ജീവിതത്തിൽ
സ്കൂൾതലം മുതൽ ഇങ്ങോട്ട് കുഞ്ഞുകുഞ്ഞ് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പ്രണയമൊന്നും ഇല്ല കേട്ടോ… എല്ലാവരും പ്രണയിക്കണമെന്ന പക്ഷക്കാരിയാണ് ഞാൻ. പ്രണയിച്ചാൽ അല്ലേ ജീവിതം സുന്ദരമാകൂ. പക്ഷേ, സിനിമയിലെ പ്രണയം പലരും തെറ്റിദ്ധരിച്ചു. കുറെപ്പേർ കരുതിയിരിക്കുന്നത് ഞാൻ മനോജിനെ നൈസായിട്ട് തേച്ചിട്ട് പോയെന്നാണ്. പക്ഷേ, ശരിക്കും അങ്ങനെയല്ല കേട്ടോ.
ഇനിയാണ് സസ്പെൻസ്
മറ്റ് സിനിമകളൊന്നും ഇതുവരെ കമ്മിറ്റ് ചെയ്തട്ടില്ല. പക്ഷേ, ഈ അടുത്തു തന്നെ ഒരു സിനിമയിൽ കൂടി എന്റെ മുഖം തെളിയും. അത് ഇത്തിരി സസ്പെൻസായി ഇരിക്കട്ടെ. ആ സിനിമയുമായി ബന്ധപ്പെട്ടവർ കഥാപാത്രത്തെ കുറിച്ച് പറയാനുള്ള അനുവാദം തരാത്തതിനാൽ അതിപ്പോൾ പറയാൻ പറ്റില്ല. എല്ലാവർക്കും ഇഷ്ടമുള്ള ഒരു കഥാപാത്രമായിരിക്കും അതെന്നെ ഇപ്പോൾ പറയാൻ പറ്റു.
വി.ശ്രീകാന്ത്