വ്യത്യസ്തമായ പ്രമേയവുമായി മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത സിനിമ അനക്ക് എന്തിന്റെ കേടാ മികച്ച പ്രതികരണവുമായി മുന്നേറുന്നു.
കോഴിക്കോടിന്റെ മധുരവും നന്മകളും പ്രണയവും സവിശേഷമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ സിനിമ വ്യത്യസ്തമായ ഒരു കുടുംബചിത്രമാണ്. ബിഎംസി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിക്കുന്ന ഈ സിനിമ ഒസാന് എന്ന ബാര്‍ബര്‍ വിഭാഗം നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ പ്രശ്നങ്ങളുമാണ് വരച്ചുകാട്ടുന്നത്.
മലയാള സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണ് ഈ ചിത്രത്തിന് എന്ന പ്രത്യേകതയുമുണ്ട്.
എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പുതുമയുള്ള സിനിമയാണ് ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സിനിമയിലെ മാനാഞ്ചിറ മൈതാനത്ത്… എന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്.
പൂര്‍ണമായും കോഴിക്കോട് ജില്ലയിലായിരുന്നു സിനിമയുടെ ചിത്രീകരണം. മാനാഞ്ചിറ മൈതാനം, ബീച്ച്, മുക്കം, ചേന്നമംഗലൂര്‍, കൊടിയത്തൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി, കൂളിമാട് പാഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.
അഖില്‍ പ്രഭാകര്‍, സ്നേഹ അജിത്ത്, വീണ നായര്‍, സായ് കുമാര്‍, ബിന്ദുപണിക്കര്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചിത്രത്തിന്റെ രചനയും ഷമീര്‍ ഭരതന്നൂരാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടോളമായി ഷെമീര്‍ മനസില്‍ കൊണ്ടുനടന്ന പ്രമേയമാണ് ഇപ്പോള്‍ സിനിമായിരിക്കുന്നത്. തന്റെ മനസില്‍ ഉദിച്ച ആശയങ്ങള്‍ മികച്ച കാഴ്ചാനുഭമാക്കി മാറ്റുന്നതിനു ഷെമീര്‍ ഭരതന്നൂര്‍ എന്ന സിവിധായകനു സാധിച്ചിട്ടുണ്ടെന്നു പ്രേക്ഷകര്‍ പറയുന്നു.
വിഖ്യാത സംവിധായകന് ലെനിന് രാജേന്ദ്രന്റെ മകന് ഗൗതം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും പശ്ചാത്തല സംഗീതം ദീപാങ്കുരന് കൈതപ്രവും നിര്‍വഹിച്ചിരിക്കുന്നു.
പണ്ഡിറ്റ് രമേശ് നാരായണനാണ് സംഗീതം. ഗാനരചന വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍ എന്നിവരാണ് നിര്‍വഹിച്ചത്. ആലാപനം വിനീത് ശ്രീനിവാസന്, സിയ ഉള് ഹഖ്, കൈലാഷ്, യാസിര്‍ അഷറഫ്. ശബ്ദ ലേഖനം ജൂബി ഫിലിപ്പ്.-റിച്ചാര്‍ഡ് ജോസഫ്