കൊച്ചി: കോടികള്‍ വിലമതിക്കുന്ന ആനക്കൊമ്പുകളും നോട്ട് എണ്ണുന്ന യന്ത്രവുമായി വനംവകുപ്പ് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ റോയല്‍ ഗാര്‍ഡനില്‍ താമസിക്കുന്ന റോഷന് (29), എരൂര്‍ സൗപര്‍ണികയില്‍ ഷൈബിന് ശശി (28), ഇരിങ്ങാലക്കുട തൃപ്പത്ത് ടി.എം. മിഥുന് (26), പറവൂര്‍ സ്വദേശികളായ തോട്ടത്തില്‍പറമ്പില്‍ ടി.എ. സനോജ് (30), കരീലപ്പറമ്പില് കെ.ആര്. ഷെമീര്‍ (36) എന്നിവരെയാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍നിന്നും വനംവകുപ്പ് ഇന്നലെ പിടികൂടിയത്. പെരുമ്പാവൂര്‍ കോടതിയിലാണ് പ്രതികളെ ഇന്ന് ഹാജരാക്കുന്നത്.
പ്രതികളുടെ പക്കല്‍നിന്നും രണ്ടു കിലോഗ്രാമിലധികം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളും നോട്ട് എണ്ണുന്ന യന്ത്രവും നാല് കത്തികളുമാണ് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. ഇവ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കുന്ന ഇടനിലക്കാര്‍ എന്ന വ്യാജേന ഇവരെ സമീപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കേസിലെ ഒന്നാം പ്രതി റോഷന്റെ പിതാവ് ഏറെ നാളുകള്‍ക്ക് മുമ്പ് ദുബായിയില്‍നിന്നും കൊണ്ടുവന്നതാണെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നതെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. കത്തികള്‍ സ്വയരക്ഷയ്ക്കായി സൂക്ഷിച്ചിരുന്നതായാണ് കരുതുന്നത്.
ആനക്കൊമ്പ് വിറ്റുകിട്ടുന്ന പണം വേഗം എണ്ണിത്തിട്ടപ്പെടുത്തുന്നതിനാണ് നോട്ട് എണ്ണുന്ന യന്ത്രം കരുതിയിരുന്നതെന്നും അധികൃതര്‍ പറയുന്നു. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ക്ക് വിപണിയില്‍ 1.20 കോടി രൂപ വില വരുന്നതാണ്. ഇവയും ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയകയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.