തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയിലായിരുന്ന നാല് അനാക്കോണ്ടകളിൽ ഒന്നു ചത്തു. ഒന്‍പതര വയസുളള അരുന്ധതിയാണ് ചത്തത്. 2014 ഏപ്രിലിൽ ശ്രീലങ്കയിൽനിന്നു കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളിൽ മൂന്നെണ്ണം മാത്രമാണു തിരുവനന്തപുരം മൃഗശാലയിൽ ഇനി അവശേഷിക്കുന്നത്. ഇവ മൂന്നും ചികിത്സയിലാണ്. രണ്ടെണ്ണം രോഗവിമുക്തമായി വരുന്നു.
ഗംഗ എന്ന അനാക്കോണ്ടയിൽ നടത്തിയ പരിശോധനയിലാണ് മരണം സംഭവിക്കുന്നത് എന്റമീബ മൂലമാണെന്ന് കണ്ടെത്തിയത്. മൃഗശാലയിൽ അണുനശീകരണ പ്രവർത്തികൾ ഉൗജ്ജിതമാക്കിയിട്ടുണ്ട്.
ആദ്യത്തെ മരണം സംഭവിച്ചപ്പോൾ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട പാന്പുരോഗ വിദഗ്ധരെ മൃഗശാലയിൽ എത്തിക്കുകയും എല്ലാ പാന്പുകളെയും പരിശോധിച്ചു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ആ സമയം മറ്റ് പാന്പുകളിൽ രോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മൃഗശാലയിൽ ചത്ത എല്ലാ അനോക്കോണ്ടകളുടെയും പോസ്റ്റുമോർട്ടം നടത്തിയിരുന്നു.