സിജോ പൈനാടത്ത്
കൊച്ചി: അണലിയുടെ കടിയേറ്റ അബിനു നഷ്ടമായതു ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം. പാന്പുകടിയേറ്റു പതിനാറു മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിയതെങ്കിലും, അതീവഗുരുതരാവസ്ഥയിൽനിന്നു വിദഗ്ധ ചികിത്സയുടെ മികവിൽ അബിൻ പുതുജീവിതത്തിലേക്കു കൈപിടിച്ചു. നഷ്ടമായ ഒരു വർഷത്തെക്കുറിച്ചോർത്തു സമയം കളയാൻ അബിൻ തയാറല്ല.
കഴിഞ്ഞ വർഷം എഴുതാനാവാതിരുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തീവ്രപ്രയത്നത്തിലാണ് ഇക്കുറി ഈ പതിനാറുകാരൻ. ആലുവ എരുമത്തല ഊരകത്ത് ജിജോ ജോസഫിന്റെയും റോസ്മോളിന്റെയും മകൻ അബിനു 2017 നവംബറിലാണു പാന്പു കടിയേറ്റത്. വീടിനടുത്തുള്ള മതിൽ ചാടിക്കടക്കുന്നതിനിടെ കാലിൽ അണലിയുടെ ദംശനമേൽക്കുകയായിരുന്നു.
പാന്പുകടിയേറ്റ വിവരം വീട്ടുകാരിൽനിന്നു മറച്ചുവച്ച അബിൻ, വിഷം കലർന്ന രക്തം മുറിവിലൂടെ അമർത്തിക്കളഞ്ഞും സോപ്പിട്ടു കഴുകിയും സ്വയം പ്രഥമ ശുശ്രൂഷകൾ നടത്തി. കാലിലെ മുറിവ് കല്ലുകൊണ്ടുണ്ടായതാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. രാത്രിയിൽ ഛർദ്ദിയും കാലുകളിൽ നീർക്കെട്ടും ഉണ്ടായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും പാന്പു കടിയുടെ കാര്യം അബിൻ പറഞ്ഞില്ല. പിറ്റേന്നു നീർക്കെട്ട് ദേഹമാകെ വ്യാപിച്ചു.
രക്തപരിശോധനയിൽ പ്ലേറ്റ്ലെറ്റുകൾ ക്രമാതീതമായി കുറയുന്നതായി കണ്ടു. ഉടൻ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലേക്കെത്തിച്ചു. അപ്പോഴേക്കും പാന്പുകടിയേറ്റു 16 മണിക്കൂർ പിന്നിട്ടിരുന്നു. പാന്പുകടിയുടെ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു ടോക്സിൻ ടെസ്റ്റും ആന്റി സ്നേക്ക് വെനം ഇൻജക്ഷനും നടത്തി. ഇതിനിടെ ഇരുകവിളുകളുടെയും വശത്തുള്ള പരോട്ടിഡ് ഗ്രന്ഥി വീർത്തുവന്നു.
അണലിയുടെ കടിയേറ്റാലുള്ള പ്രധാനപ്പെട്ട ലക്ഷണമാണിത്. ഇതോടെ പാന്പുകടി സ്ഥിരീകരിച്ചു. കിഡ്നി തകരാർ, തലച്ചോറിനകത്തു രക്തസ്രാവം, കണ്ണുകളിൽ ഞെരന്പുപൊട്ടിയതിനെത്തുടർന്ന് അന്ധത, തലച്ചോറിൽ ഹോർമോണുകളെ നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി തകരാർ, കാലിൽ അണുബാധ എന്നിവ ഇതിനകം അബിനെ അലട്ടി തുടങ്ങിയിരുന്നു.
50 ദിവസം തുടർച്ചയായി ഡയാലിസിസ്, കാലിൽ പ്ലാസ്റ്റിക് സർജറി തുടങ്ങി വിവിധ ചികിത്സകൾ രാജഗിരിയിൽ നടത്തി. നേത്രചികിത്സ കോയന്പത്തൂരിലെ ആശുപത്രിയിൽ. കാഴ്ച തിരിച്ചുകിട്ടി. രാജഗിരിയിൽ തുടർ ചികിത്സകൾക്കു ശേഷം അബിൻ ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി.
രാജഗിരിയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ആശുപത്രി ടീമിന്റെ പ്രയത്നവും ഒപ്പം ദൈവാനുഗ്രഹവുമാണ് അബിന്റെ ജീവൻ മടക്കിനൽകാൻ സഹായകമായതെന്നു രാജഗിരി ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കണസൾട്ടന്റും വകുപ്പുതലവനുമായ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
ഡോ. ബിജി തോമസ്, ഡോ.തേജസ് കെ. രാജൻ, ഡോ.ശ്യാം ജേക്കബ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജോസ് തോമസ്, ഹെമറ്റോളജി വിഭാഗം മേധാവി ഡോ. മോബിൻ പോൾ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ജിജിരാജ് കുളങ്ങര, ജനറൽ സർജറി വിഭാഗത്തിലെ ഡോ. ആർ. രവികാന്ത്, എൻഡോക്രൈനോളജി വിഭാഗത്തിലെ ഡോ. ജയിംസ് ആന്റണി, ഓഫ്താൽമോളജി വിഭാഗത്തിലെ ഡോ. അഞ്ജന എന്നിവരും ചികിത്സയിൽ പങ്കാളികളായി.
എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥനാണ് അബിന്റെ പിതാവ് ജിജോ. അമ്മ റോസ്മോൾ ബാങ്ക് ഉദ്യോഗസ്ഥയാണ്. ചികിത്സകൾ പൂർത്തിയാക്കി മടങ്ങിയ അബിനു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ യാത്രയയപ്പ് നൽകി.