അഗളി: മലന്പാന്പെന്ന ധാരണയിൽ അണലിയോടിടപെടുന്നത് സൂക്ഷിച്ചു വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റനോട്ടത്തിൽ അണലിയെ മലന്പാന്പ് എന്നു പലരും തെറ്റിദ്ധരിക്കും.
വീട്ടുപരിസരത്തും ചപ്പുചവറുകൾക്കുള്ളലും, വിറകുപുരയിലുമൊക്കെ അണലിയെ കാണാം. അണലിയെ കണ്ട് പെരുംപാന്പെന്നു തെറ്റിദ്ധരിച്ചാണ് പലരും ആർ ആർടിയെ സഹായത്തിനു വിളിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.എ.സതീഷ് പറഞ്ഞു.
പൊതുവേ താപനില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇഴജന്തുക്കൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് നിർദേശിച്ചു.
വീടിന്റെ വാതിലുകളും ജനലുകളും അലക്ഷ്യമായി തുറന്നിടരുത്. ഇരുട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണം. ഇടവഴികളും പാതയോരങ്ങളും വീട്ടുപരിസരവും വിറകുപുരകളും ശ്രദ്ധയോടെ വീക്ഷിക്കണം.
ഈർപ്പമുള്ള സ്ഥലങ്ങളിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലും കിടപ്പുമുറികളിലുമൊക്കെ വിഷജന്തുക്കളുടെ സാന്നിധ്യം നന്നായി വീക്ഷിക്കണമെന്നും വനംവകുപ്പ് നിർദേശം നല്കിയിട്ടുണ്ട്.
അട്ടപ്പാടിയിൽ വന്യമൃഗങ്ങളും ഇഴജന്തുക്കളും യഥേഷ്ടമുള്ള മേഖലയാണ്. സൈലന്റ് വാലി, മുത്തികുളം വനമേഖലകളോടും നീലഗിരി മലനിരകളോടും ചേർന്നാണ് ആദിവാസി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളുമുള്ളത്.
അട്ടപ്പാടിയിൽ ആർ ആർടി വിഭാഗം അന്പതിലധികം കൂറ്റൻ രാജവെന്പാലകളെയാണ് പിടികൂടി സൈലന്റ് വാലി വനത്തിൽ വിട്ടത്.പെരുന്പാന്പ്, അണലി, മൂർഖൻ തുടങ്ങി നൂറുക്കണക്കിന് പാന്പുകളെ പിടികൂടി വിവിധ വനങ്ങളിൽ വിട്ടു.
ആർ ആർ ടി യിലെ വാച്ചർ മാത്യു ജോർജ് (ഷാജി) റിസർവ് വാച്ചർ ആന്റണി സ്വാമി എന്നിവരാണ് പാന്പ് പിടുത്തത്തിൽ പ്രധാനികൾ.ജനവാസകേന്ദ്രത്തിലെത്തുന്ന പന്നിമുതൽ കാട്ടാന വരെയുള്ള വന്യ മൃഗങ്ങളെ ഓടിച്ചകറ്റാനും ആർആർ ടി വേണം. അട്ടപ്പാടിയിൽ ആർ ആർ ടി അനുവദിക്കണമെന്ന ആവശ്യം വര്ഷങ്ങളായി നിലനിൽക്കുകയാണ്.
വേണ്ടത്ര പരിശീലനങ്ങളൊന്നും ലഭിക്കാത്ത താത്കാലിക വാച്ചർമാരും വനം ജീവനക്കാരുമാണ് ഇവിടെ ആർ ആർ ടി യിൽ പ്രവർത്തിക്കുന്നത്.കാട്ടാനശല്യം അതിരൂക്ഷമായ ദുർഘടമേഖലകളിൽ വടിയും പടക്കവും മാത്രം ആയുധമാക്കിയാണ് ഇവർ രാപകൽ ജോലി നോക്കുന്നത്.
കാട്ടാനയോടിക്കാൻ റബർ ബുള്ളറ്റ് പ്രയോഗിക്കാൻ തോക്കുകളോ ശക്തിയേറിയ ടോർച്ചുകളോ ഇവർക്കില്ല. കേവലം മനോധൈര്യം മുതൽക്കൂട്ടാക്കിയാണ് അട്ടപ്പായിലെ വനപാലകരുടെ ജോലി നിർവഹണം.