ലക്ഷദ്വീപിന്റെ മനോഹാരിത നിറഞ്ഞൊരു വേറിട്ട പ്രണയ ചിത്രമായിരുന്നു അനാർക്കലി. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രമാക്കി സച്ചി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയാൽ ഗോറായിരുന്നു നായിക.
നഷ്ടപ്രണയത്തിന്റെ എല്ലാ വേദനകളും അതു തിരിച്ച് കിട്ടുന്പോഴുള്ള സന്തോഷവും പങ്കുവച്ച ചിത്രം മലയാളം സിനിമ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരുന്നു. ചിത്രത്തെ ചുറ്റപ്പറ്റിയുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോൻ.
സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് അനാർക്കലി എന്ന ചിത്രത്തിൽ എന്നെ എത്തിച്ചത്. അവിടെനിന്നാണ് ഞാൻ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്.
അനാർക്കലി എഴുതിയപ്പോൾ അതിൽ പൃഥ്വിരാജിന്റെ റോൾ ചെയ്യാൻ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയിൽ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും വന്നപ്പോൾ ഞാൻ അതിൽനിന്ന് പിന്മാറി.
കാരണം അത്തരം കാര്യങ്ങൾ ധൈര്യപൂർവം സമീപിക്കാവുന്ന കോണ്ഫിഡൻസ് എനിക്കുണ്ടായിരുന്നില്ല.- ഒരഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞു.
അനാർക്കലിക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരായി ബിജു മേനോനും പട്ടാളത്തിൽ 16 വർഷത്തെ സർവീസിന് ശേഷം നാട്ടിലെത്തിയ ഹവീൽദാർ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രമായിരുന്നു ഇത്.