ചെന്നൈ: അണ്ണാനഗർ പോക്സോ കേസിൽ വനിതാ പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. അണ്ണാ നഗർ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ രാജിയാണ് അറസ്റ്റിലായത്.
സുപ്രീംകോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് രാജിയെയും എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ പത്തുവയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
കേസിൽ ഒത്തുതീർപ്പിനു വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി മർദിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ പ്രതിയുടെ സാന്നിധ്യത്തിലായിരുന്നു മർദനം. പെൺകുട്ടി അയൽക്കാരനായ പ്രതിയുടെ പേരു പറഞ്ഞിട്ടും അയാളെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
ഒടുവിൽ പത്തുദിവസത്തിനു ശേഷമാണ് പ്രതി സതീഷ് അറസ്റ്റിലായത്. സതീഷിനെ സഹായിച്ചതിന്റെ പേരിലാണ് എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെ അറസ്റ്റ് ചെയ്തതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.