കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യകുമാരി അലക്സ് (28) ഫ്ളാറ്റില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും.
വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്നു നടക്കുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമായിരിക്കും മൊഴിയെടുക്കുക.
വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണു പോസ്റ്റ്മോര്‍ട്ടത്തിനു വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.
ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്.
അകത്തുനിന്നു വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സുഹൃത്ത് നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുട ര്‍ന്ന് ഫ്ളാറ്റിന്റെ കെയര്‍ ടേക്കര്‍ എത്തിയാണു വാതില്‍ തുറന്നത്.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെൻഡര്‍ റേഡിയോ ജോക്കികൂടിയായിരുന്ന അനന്യ കൊല്ലം പെരുമണ്‍ സ്വദേശിയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, അനന്യയ്ക്ക് നീതി ആവശ്യപ്പെട്ട് ഭിന്നലിംഗക്കാര്‍ അനന്യകുമാരി സര്‍ജറിക്ക് വിധേയമായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
അനന്യയ്ക്കു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അനന്യയുടെ മെഡിക്കല്‍ റിക്കാര്‍ഡ്സ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.