തിരുവനന്തപുരം: ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹികനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ഡോ.ആർ. ബിന്ദു.
അനന്യകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജെൻഡർ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം 23 ന് വിളിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗരേഖ തയാറാക്കും.
സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കും.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ അനുവർത്തിച്ചു വരുന്ന ചൂഷണവും വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി
ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദഗ്ധ മെഡിക്കല്‍ സംഘം പോസ്റ്റ്മോർട്ടം നടത്തും
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്സ് (28) ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനുമായി വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.
ഇന്നു നടക്കുന്ന പോസ്റ്റ്മോർട്ടത്തിനുശേഷം അനന്യയ്ക്കു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറുടെ മൊഴി പേലീസ് രേഖപ്പെടുത്തും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസം മുന്‍പു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ അനന്യയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ചികിത്സാ പിഴവുണ്ടായെന്നും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.