രാജകുമാരി: തെക്കിന്റെ കാഷ്മീരായ മൂന്നാറിനോടു ചേർന്നുകിടക്കുന്ന ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം കാണുന്നവർക്കെല്ലാം കൗതുകമാണ്.
ബ്രിട്ടീഷ് എൻജിനിയർമാരുടെ വിരുതിൽ തീർത്തതാണ് ഈ പാലം. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇന്നും അന്യമാണ് ഈ പാലവും കാഴ്ചയും. കണ്ണൻദേവൻ കന്പനിയുടെ പെരിയകനാൽ ന്യൂ ഡിവിഷനിലാണ് തൂക്കുപാലമുള്ളത്.
ഇടുക്കിയുടെ മലനിരകളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനി തേയില കൃഷി ആരംഭിച്ചപ്പോൾ മതികെട്ടാൻചോല, സൂര്യനെല്ലി, ബിഎൽറാം തുടങ്ങിയ മലനിരകളിൽനിന്നും മഴവെള്ളം ഒഴുകിയെത്തുന്ന തോടുകൾക്കു കുറുകെയാണ് പാലം നിർമിച്ചത്.
കണ്ണൻദേവൻ മലനിരകളിൽ നിന്നും നുള്ളിയെടുത്ത കൊളുന്ത് പെരിയകനാൽ ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള എളുപ്പമാർഗമായിട്ടാണ് ബ്രിട്ടീഷ് എൻജിനിയർമാർ പാലം നിർമിച്ചത്.
കപ്പൽ മാർഗം ഇന്ത്യയിൽ എത്തിച്ച ഒരു ഉരുക്കുവടത്തിലാണ് തൂക്കുപാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
പച്ചപ്പരവതാനി വിരിച്ച തേയില ചെരിവുകൾക്കിടയിൽ ബ്രിട്ടീഷ് കൈയൊപ്പ് പതിഞ്ഞ പാലത്തിന് 100 മീറ്ററോളം നീളംവരും.
കാട്ടാനശല്യം രൂക്ഷമായിരുന്ന കാലത്ത് തൊഴിലാളികൾക്ക് പെട്ടെന്ന് ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനുള്ള മാർഗംകൂടിയായിരുന്നു ഈ പാലം.
ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കന്പനിയുടെ ഭരണം അവസാനിച്ചപ്പോൾ തേയിലത്തോട്ടങ്ങൾ കണ്ണൻദേവൻ കന്പനിയുടെ അധീനതയിൽ ആകുകയായിരുന്നു.
1963-ൽ ആനയിറങ്കൽ അണക്കെട്ട് നിർമിച്ചതോടെ ഈ പാലം ജലാശയത്തിനു കുറുകെയായി. പിന്നീട് കൊളുന്ത് വാഹനങ്ങളിൽ ഫാക്ടറിയിൽ എത്തിക്കാൻ തുടങ്ങിയതോടെ ചരിത്രസ്മാരകം അപ്പാടെ ഉപേക്ഷിച്ച മട്ടായി.
നിലവിൽ തൊഴിലാളികൾ ലയങ്ങളിലേക്ക് പോകുന്നതിനു മാത്രമാണ് ഈ തൂക്കുപാലം ഉപയോഗിക്കുന്നത്.
ആനയിറങ്കൽ ജലാശയം നിറഞ്ഞുകിടക്കുന്പോൾ പാലത്തിലൂടെയുള്ള യാത്ര സാഹസികത നിറഞ്ഞതാണ്. പാലത്തിലൂടെയുള്ള സഞ്ചാരം ഏവരെയും ആകർഷിക്കും.
സ്വകാര്യ കന്പനിയുടെ അധീനതയിൽ ആയതിനാൽ ഈ തൂക്കുപാലം വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ലെന്ന ആക്ഷേപമുണ്ട്. ദേശീയ പാതയിൽനിന്നും അര കിലോമീറ്റർമാത്രം സഞ്ചരിച്ചാൽ ഈ തൂക്കുപാലത്തിന് അടുത്തെത്താം.
തൂക്കു പാലത്തിന്റെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കാനോ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനോ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.