മുംബൈ: അച്ഛൻ അംബാനി കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടിയെങ്കിൽ മകൻ അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ. മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയാണ് മോദിയുടെ റാലിക്കെത്തി ശ്രദ്ധേയനായത്. സദസിലെ ആദ്യത്തെ നിരയിൽ തന്നെയായിരുന്നു അനന്ദ്അംബാനി സ്ഥാനം പിടിച്ചത്.
മോദിയെ കേൾക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു അനന്ദ് അംബാനിയുടെ പ്രതികരണം. പ്രാദേശിക മറാത്തി ചാനലിനോടാണ് അനന്ദ് തന്റെ പിന്തുണ മോദിക്കാണെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മിലിന്ദ് ദേവ്റയെ പിന്തുണച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. സ്ഥാനാർഥി പുറത്ത് വിട്ട വീഡിയോയിലാണ് മുകേഷ് പിന്തുണ അറിയിക്കുന്നത്.
സൗത്ത് മുംബൈ മണ്ഡലത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ കുറിച്ച് മിലിന്ദിന് നല്ല അറിവുണ്ടെന്ന് അംബാനി വീഡിയോയിൽ പറയുന്നു.മിലിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.
സൗത്ത് മുംബൈ മണ്ഡലത്തിലെ വ്യാപാരത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും തൊഴിലുകൾ സൃഷ്ടിക്കുമെന്നും മിലിന്ദ് വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. ഇതാദ്യമായാണ് മുകേഷ് അംബാനി പരസ്യമായി ഒരു സ്ഥാനാർഥിയെ പിന്തുണച്ച് രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിക്കു കോടിക്കണക്കിനു രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുത്തെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപണം ശക്തമാക്കുന്നതിനിടെയാണ് മുകേഷ് അംബാനിയും മകനും ബിജെപിയേയും കോൺഗ്രസിനെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.