മുക്കം : സര്‍ക്കാര്‍ കണക്കില്‍ അതിസമ്പന്നരുടെ പട്ടികയിലുള്ള കുടുംബം ദുരിതത്തില്‍.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തറിമറ്റം ഇരുമ്പൻചീടാം കുന്നത്ത് ആനന്ദന്റെ കുടുംബമാണ് പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ഷീറ്റുകളും വലിച്ചുകെട്ടിയ ഷെഡില്‍ ജീവിക്കുന്നത്.
ആനന്ദന് വയസ് 65ആയി. ഭാര്യ ലക്ഷ്മിക്ക് 64 ഉം. പോരാത്തതിന് നിത്യരോഗികളും… ആനന്ദിന്റെ ഇടത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന്റെ കാഴ്ചയും മങ്ങി വരുന്നു.
ലക്ഷ്മിയാണങ്കിൽ വർഷങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ചെയ്തു വരികയും ചെയ്യുന്നു. ആകെയുള്ള പ്രതീക്ഷയായിരുന്ന മകനാവട്ടെ കർണാടകയിൽ നിന്ന് പറ്റിയ അപകടത്തിൽ പരിക്ക് പറ്റി വിശ്രമത്തിലും …
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പാഴൂരിൽ വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന ഈ കുടുംബം സർക്കാരിന്റെ സഹായത്താൽ ലഭിച്ച അഞ്ച് സെന്റ് സ്ഥലത്താണിപ്പോൾ താമസം. വീട് നിർമ്മാണത്തിനായും സഹായം ലഭിച്ചങ്കിലും തറ നിർമ്മിക്കാനും ചുമർനിർമ്മാണത്തിനുമായി ലഭിച്ച തുക തറയുടെ പ്രവൃത്തിക്ക് പോലും തികഞ്ഞില്ല.
പടുകൂറ്റൻ തറ നിർമ്മിച്ചിട്ടൊന്നുമല്ല തുക തികയാതിരുന്നത്. ഇവർക്ക് ലഭിച്ച സ്ഥലം ചതുപ്പ് നിലമായതിനാൽ സാധനസാമിഗ്രികൾക്ക് ഭീമമായ തുക ചിലവാവുകയായിരുന്നു. ഇന്നിപ്പോൾ ഈ തറക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ഷീറ്റുകളും വലിച്ചുകെട്ടി കഴിയുകയാണിവർ.
മഴ കനത്തതോടെ ദുരിതവും ഇരട്ടിച്ചു. ചോർച്ചക്ക് പുറമെ കാറ്റിൽഷീറ്റുകൾ പറന്ന് പോവുന്നതും നിത്യസംഭവമാണ്. വൈദ്യുതി കണക്ഷൻ പോലുമില്ലാത്ത ഈ വീട്ടിൽ ദുരിതങ്ങളോട് പടവെട്ടി കഴിയുകയാണ് ഈ കുടുംബം. റേഷൻ കട വഴി ലഭിക്കുന്ന കിറ്റുകളും മറ്റുമാണ് ആശ്രയമെങ്കിലും സർക്കാർ കണക്കിൽ അതിസമ്പന്നരായതിനാൽ വെള്ള റേഷൻ കാർഡാണ് നൽകിയത്.
ഇത് മൂലം പരിമിതമായ ഭക്ഷ്യധാന്യങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. കോവിഡ് മഹാമാരി അതിവേഗം പടർന്നു പിടിക്കുന്ന ഈ സമയത്ത് വാക്സിൻ സ്വീകരിക്കാനും ഈ വൃദ്ധ ദമ്പതികൾക്കായിട്ടില്ല. ഇതിനെ കുറിച്ച് വലിയ ധാരണയില്ലാത്തത് തന്നെ കാരണം.
തങ്ങളുടെ ഈ ദുരിതം മാറി ഒരു നല്ല ജീവിതം സ്വപ്നം കാണുകയാണ് ഈ കുടുംബവും. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ…