കോട്ടയം: പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും കോട്ടയത്തെ ആനന്ദ് തിയറ്റർ അൻപത് തികച്ചു. 50 വർഷം മുൻപ് ആനന്ദ് തിയറ്റർ ആരംഭിച്ചപ്പോൾ ദി ബൈബിൾ ആയിരുന്നു ആദ്യ സിനിമ. പിന്നീടിങ്ങോട്ട് ആയിരക്കണക്കിന് സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിച്ചു.
1968 ഓഗസ്റ്റ് 28ന് ബോളിവുഡ് താരം ദ്ിലീപ് കുമാറാണ് തിയറ്റർ ഉദ്ഘാടനം ചെയ്തത്. അന്പതു വർഷത്തിനിടയിൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ആയിരക്കകണക്കിനു ചിത്രങ്ങളാണ് തിയറ്ററിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 2011ൽ തിയറ്റർ നവീകരിച്ച് ലക്ഷ്വറി തിയറ്ററാക്കി മാറ്റി.
സിനിമാ തിയറ്ററുകളുടെ നിലവാരം നിശ്ചയിക്കുന്നതിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ പ്ലാറ്റിനം പ്ലസ് റേറ്റിംഗ് നേടുന്ന സംസ്ഥാനത്തെ ഏക തിയറ്ററാണ്.തിയറ്ററിൽ കൂടുതൽ പ്രേക്ഷകർ ആസ്വദിച്ച സിനിമകളിലൊന്നായ ത്രീ ഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തന്റെ രണ്ട് പ്രദർശനങ്ങൾ ഇന്നു രാവിലെ 11നും വൈകുന്നേരം ആറിനും കൂടെ എന്ന ചിത്രത്തിന്റെ രണ്ട് പ്രദർശനങ്ങൾ ഉച്ചകഴിഞ്ഞ് രണ്ടിനും രാത്രി 8.45നും ഉണ്ടായിരിക്കും.
ഈ പ്രദർശനങ്ങളിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് തിയറ്റർ മാനേജ്മെന്റ് അറിയിച്ചു.