സ്വന്തം ലേഖകൻ
തൃശൂർ: നിലയില്ലാ വെള്ളത്തിൽ മലർന്നു കിടക്കാം, മുങ്ങിപ്പോകാതെ. കിടക്കുക മാത്രമല്ല, ഇരിക്കുകയും ചെയ്യാം. ഏതാനും നിമിഷമല്ല, മണിക്കൂറുകളോളം. വെള്ളത്തിൽ കിടക്കുകയും ഇരിക്കുകയുമെല്ലാം ചെയ്യണമെങ്കിൽ പി.എസ്. അനന്തനാരായണനേപ്പോലെ ജലയോഗ അഭ്യസിക്കണം.
മൂന്നു പതിറ്റാണ്ടുകളായി ജലയോഗ വിദ്യകളിലൂടെ പ്രശസ്തനായ അനന്തനാരായണൻ ഇത്തവണ തെക്കേമഠം പടിഞ്ഞാറേച്ചിറയിലാണ് ജലയോഗ നടത്തിയത്.
യോഗദിനത്തിന്റെ തലേന്ന് യോഗദിനത്തിന്റെ പ്രചാരണമെന്ന നിലയിലാണ് ഇദ്ദേഹം ജലയോഗ അഭ്യാസം ഒരുക്കുന്നത്. കഴിഞ്ഞ വർഷം വടക്കേച്ചിറയിലാണു ജലയോഗ നടത്തിയത്. അതിനു മുന്പുള്ള വർഷങ്ങളിൽ പൂങ്കുന്നം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലായിരുന്നു ജലയോഗ.
മത്സ്യാസനം, വൃഷവാസനം, താണ്ഡവാസനം, താടാസനം, പർവ്വതാസനം, ജലശയനം എന്നിങ്ങനെ ജലയോഗയുടെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോയപ്പോൾ കാണികൾ ശ്വാസംപിടിച്ചാണ് കണ്ടുനിന്നത്.
നഗരത്തിലെ തിരക്കേറിയ ജയ്ഹിന്ദ് മാർക്കറ്റിൽ ന്ധശ്രീരാമദത്ത ജനറൽ സ്റ്റോഴ്സ്’എന്ന പേരിൽ പലചരക്കു കച്ചവടം നടത്തുന്ന പി.എസ്. അനന്തനാരായണൻ എന്ന അനന്തൻ സ്വാമി കുട്ടിക്കാലത്തേ അഭ്യസിച്ചതാണ് യോഗ.