ഗവര്‍ണര്‍ ആനന്ദിബെന്നിനെപ്പോലെ വിദ്യാഭ്യാസവും ലോകപരിചയവുമുള്ള വ്യക്തി ഇതുപോലൊരു പ്രസ്താവന നടത്തിയത് ഒട്ടും ശരിയായില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അകന്ന് കഴിയുന്ന ഭാര്യ യശോദ ബെന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയാണ് യശോദയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഹര്‍ദ ജില്ലയിലെ തിമാരിയില് നടന്ന പൊതുപരിപാടിയിലാണ് മോദി അവിവാഹിതനാണെന്ന് ആനന്ദിബെന്‍ പറഞ്ഞത്. ‘നരേന്ദ്രഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീകളുും കുട്ടികളും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു’. ആനന്ദി ബെന്‍ പറഞ്ഞു.
ഇതാണ് യശോദ ബെന്നിനെ പ്രകോപിപ്പിച്ചത്. ‘ആനന്ദിബെന്‍ അങ്ങനെ പറഞ്ഞെന്ന് ആദ്യം വിശ്വസിക്കാനേ സാധിച്ചില്ല. പിന്നീട് വീഡിയോ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് നല്കിയ സത്യവാങ്മൂലത്തില്‍ത്തന്നെ വിവാഹക്കാര്യം മോദി പറഞ്ഞിട്ടുള്ളതാണ്. ആനന്ദിബെന്നിന്റെ നടപടി മോദിയെ താഴ്ത്തിക്കെട്ടുന്നതാണ്. അദ്ദേഹം എനിക്ക് ബഹുമാന്യനാണ്, അദ്ദേഹം എന്റെ ശ്രീരാമനാണ്.’ അവര്‍ പറഞ്ഞു. ഇരുവരുടെയും പ്രസ്താവനകളുടെ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.