വടക്കഞ്ചേരി: അനന്തുവിനും അനന്തക്കും ഇനി തൽക്കാലത്തെക്കെങ്കിലും കുഞ്ഞു വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം.കരുണയുടെ കരങ്ങൾപ്പോലെ അനന്തു പഠിക്കുന്ന പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും അനധ്യാപകരും പിരിവെടുത്ത് കീറി പൊളിഞ്ഞ വീടിന്റെ മേൽകൂര അടിയന്തിരമായി റിപ്പയർ ചെയ്ത് താമസ യോഗ്യമാക്കി.ഇന്നലെ വൈകീട്ടോടെ മേൽകൂര തെങ്ങോല കൊണ്ട് മേയുന്ന പണികൾ പൂർത്തിയായി. കഴുക്കോലുകളും തൂണുകളും മാറ്റി പുതിയതാക്കി.
പഞ്ചായത്തിൽ നിന്നും വീട് കിട്ടുന്നതു വരെ കയറി കിടക്കാനുള്ള താൽക്കാലിക സംവിധാനമായിട്ടുണ്ട്.പ്രധാനാധ്യാപകൻ സണ്ണി എൻ.ജേക്കബ്ബ്, അധ്യാപകരായ ഫാ.ക്രിസ്റ്റോ കാരക്കാട്ട്, ജോജി എന്നിവർ ഇന്നലെ വീട്ടിലെത്തി പണികൾ വിലയിരുത്തി.അനന്തുവിനും അനന്തക്കും പഠിക്കാനുള്ള സൗകര്യത്തിനായി മേശയും കസേരകളും വാങ്ങി നൽകുമെന്ന് അധ്യാപകർ പറഞ്ഞു.
വടക്കഞ്ചേരി ടൗണിനടുത്ത് കുറുവത്ത് ആര്യംക്കടവിലാണ് എട്ടാം ക്ളാസിൽ പഠിക്കുന്ന അനന്തുവിന്റെയും കുഞ്ഞനുജത്തി അഞ്ചാം ക്ളാസിൽ പഠിക്കുന്ന അനന്തയുടെയും വീട്. മൂന്ന് സെന്റ് സ്ഥലത്ത് മണ്ണ് ഇഷ്ടിക കൊണ്ട് മറച്ച ഒറ്റമുറി വീട്.സിറ്റൗട്ടും ഹാളും ബെഡ് റൂമും അടുക്കളയും എല്ലാം ഈ ഒറ്റമുറി തന്നെ. ഓലകൊണ്ടും പ്ലാസ്റ്റിക് കവറുകൾ കൊണ്ടും മറച്ച മേൽ കൂര കാലപഴക്കത്തിൽ കീറി പൊളിഞ്ഞു് മേലെ ആകാശം മുഴുവൻ കാണുന്ന സ്ഥിതിയിലായിരുന്നു.
കുറച്ച് പഴയ വസ്ത്രങ്ങളും വിരലിലെണ്ണാവുന്ന പാത്രങ്ങളും മാത്രമാണ് ഈ കൂരക്കുള്ളിലുള്ളത് .ഒരാൾ വന്നാൾ ഇരിക്കാൻ അടുത്ത വീട്ടിൽ നിന്നും കസേര വാങ്ങി കൊണ്ടു വരണം. ഓരോന്നും കണ്ണു നിറക്കുന്ന കാഴ്ചകൾ.13 വയസ്സുള്ള അനന്തുവിന്റെ രണ്ട് കാലിനും വൈകല്യമുണ്ട്. രണ്ട് ഓപ്പറേഷൻ കൂടി നടത്തിയാൽ അനന്തുവിന് സാധാരണ കുട്ടികൾ നടക്കുന്നതു പോലെ നടക്കാനാകും.
അതിന് രണ്ട് ലക്ഷം രൂപയെങ്കിലും വേണം. ഇവരുടെ അച്ഛൻ കോയന്പത്തൂരിലാണെന്ന് പറയുന്നു.അമ്മ ഗീത കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ചികിത്സയും നിത്യ ചെലവുകളും നടത്തികൊണ്ടു് പോകുന്നത്.
എട്ട് വർഷമായി ഈ വീട്ടിലാണ് ഇവർ കഴിയുന്നത്.പഞ്ചായത്തിൽ നിന്നും വീട് കിട്ടാൻ വൈകുന്നത് ഇവരുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുന്നുണ്ട്.പ്രസിഡന്റിന്റ വാർഡായതിനാൽ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷക്കും മങ്ങലേൽക്കുന്ന വിധമാണ് കാര്യങ്ങൾ ഇഴയുന്നത്.വീടും വാഹനവും മറ്റ് എല്ലാ സൗകര്യങ്ങളും ഉള്ളവർക്ക് പിന്നേയും ആനുകൂല്യങ്ങൾ നൽകുന്പോഴാണ് ഈ പാവപ്പെട്ട കുടുംബത്തെ പിന്നേയും ദുരിതത്തിലാക്കുന്നതെന്ന ആക്ഷേപം അയൽവാസികൾക്കു മുണ്ട്.
എന്തായാലും തങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് സുമനസുള്ളവരെങ്കിലും സഹായഹസ്തവുമായി വരുന്നത് പുണ്യകർമ്മമാകുമെന്ന് ഇവർ പറയുന്നു. ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ഏഴിന് ദീപിക പത്രത്തിൽ പൊളിഞ്ഞു തൂങ്ങിയ വീടിന്റെ പടം സഹിതം വാർത്ത നൽകിയിരുന്നു.ഇതേ തുടർന്നാണ് സഹായവുമായി പലരും രംഗത്ത് വന്നത്.