വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറ നിർമാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്നു കല്ലു തെറിച്ച് തലയിൽ വീണു മരിച്ച വിഴിഞ്ഞം മുക്കോല കാഞ്ഞിരം വിള അനന്തു ഹൗസിൽ ബിന്ദുവിന്റെയും അജികുമാറിന്റെയും മകൻ അനന്തു (24) വിന്റെ സംസ്കാരം ഇന്ന് നടത്തി.
നാലാം വർഷ ബിഡിഎസ് വിദ്യാർഥിയായ അനന്തുവിന്റെ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റു മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയിൽ തന്നെ പഠിച്ചിരുന്ന നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടന്ന പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നു.
വീട്ടുകാരും നാട്ടുകാരും വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുട്ടത്തറ ശാന്തികവാടത്തിൽ നടക്കും. സംഭവമറിഞ്ഞ് മസ്കറ്റിലായിരുന്ന പിതാവ് ഇന്ന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തിയിരുന്നു. അനന്തുവിന്റെ മരണത്തിൽ ആദരസൂചകമായി മുക്കോലയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശക്തമായ പോലീസ് കാവലുമുണ്ട്. അധികൃതർ വിളിച്ച് ചേർക്കാൻ നിശ്ചയിച്ചിരുന്ന സർവ്വകക്ഷി യോഗവും മാറ്റിവച്ചു.ഇന്നലെ രാവിലെ എട്ടരയോടെ മുക്കോല മുള്ളു മുക്കിന് സമീപമായിരുന്നു അപകടം.
തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്ന് തെറിച്ച കല്ല് സ്കൂട്ടർ യാത്രികനായ അനന്തുവിന്റെ മേൽ പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ സ്കൂട്ടർ മതിലിൽ ഇടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ അനന്തു വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.