കടുത്തുരുത്തി: കോവിഡിനെ ഭയക്കാതെയുള്ള അനന്ദുവിന്റെ ധീരത രണ്ടു വയസുകാരിയുടെ ജീവൻ രക്ഷിച്ചു.
കല്ലറ പഞ്ചായത്ത് നാലാം വാർഡിലെ താമസക്കാരായ പടിത്തിരപ്പള്ളിൽ അനിൽകുമാർ പ്രിയ ദന്പതികളുടെ മകളായ വിസ്മയ (രണ്ട്) യെ ആണ് കോട്ടയത്ത് ഹോസ്പിറ്റാലിറ്റി മാനേജുമെന്റ് വിദ്യാർഥിയായ അനന്ദു (24) വിന്റെ ധീരത രക്ഷിച്ചത്.
ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം. അനിൽകുമാറിന്റെ വീടിന് സമീപത്തുള്ള പാടത്ത് മത്സ്യം വാങ്ങാനെത്തിയതാണ് അനന്ദു.
ഈ സമയത്താണ് പ്രിയയുടെയും വല്ല്യമ്മയുടെയും നിർത്താതെയുള്ള കരച്ചിൽ അനന്ദു കേൾക്കുന്നത്.
ഇവരുടെ വീട്ടിലേക്കു ഓടിയെത്തിയ അനന്ദു കാണുന്നത് പനി കൂടി ശരീരം വിറയ്ക്കുകയും ശ്വാസം മുട്ടൽ അനുഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെയാണ്.
വീട്ടുകാരുടെ കരച്ചിൽ കേട്ട് പരിസരവാസികളും ഓടികൂടിയെങ്കിലും രോഗം ഭയന്ന് ആരും കൂട്ടിയെ എടുക്കാൻ തയാറായില്ല.
പ്രിയ കുഞ്ഞിനെ വാരിയെടുത്തെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ അലമുറയിടുകയായിരുന്നു.
ഇതോടെ കുഞ്ഞിനെയും എടുത്തുക്കൊണ്ട് അനന്ദു കല്ലറ പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കു ഓടുകയായിരുന്നു.
ഏതാനും സമയത്തിനകം കുഞ്ഞിനെ ആരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ അനന്ദുവിനായി.
ഉടൻതന്നെ ഇവിടുത്തെ ഡോ. ജയന്തി സജീവ് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകുകയും 108 ആംബുലൻസ് വിളിച്ചു വിദഗദ്ധ ചികിത്സയ്ക്കായി വിസ്മയെ കാരിത്താസ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
കല്ലറ മ്യാലിൽപുത്തൻപുര കനകാഭംരൻലീല ദന്പതികളുടെ മകനായ അനന്ദു യുവമോർച്ചയുടെ കല്ലറ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ്.