വടക്കഞ്ചേരി: അനന്തുവിന്റെയും അനന്തയുടെയും ജീവിത പരിമിതികൾക്ക് താങ്ങായി കരുണയുടെ കരങ്ങളെത്തുന്നു.വടക്കഞ്ചേരി ടൗണിനു സമീപം കുറുവത്ത് ആര്യംക്കടവ് ചന്ദ്രൻ ഗീത ദന്പതികളുടെ മക്കൾക്കായാണ് നല്ലമനസുകൾ ഒത്തുകൂടുന്നത്.ഇന്നലെ വൈകീട്ട് അനന്തു പഠിക്കുന്ന പന്തലാം പാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഇവരുടെ താമസ സ്ഥലത്തെത്തി സഹായ വാഗ്ദാനം നൽകി.
തകർന്നു വീഴാറായ വീടിന്റെ മേൽകൂര വരും ദിവസങ്ങളിൽ തന്നെ പുതുക്കി പണിയാൻ നടപടി സ്വീകരിച്ചിട്ടുണ്ടു്. പ്രധാനാധ്യാപകൻ സണ്ണി എൻ ജേക്കബ്ബ്, അധ്യാപകരായ ഫാ.ക്രിസ്റ്റോ കാരക്കാട്ട്, കെ.എം.ജോർജ്, സമീപവാസിയായ സുരേഷ് എന്നിവരാണ് വീട്ടിലെത്തി വീട്ടുക്കാരുടെ ദൈന്യ സ്ഥിതി നേരിട്ടറിഞ്ഞത്. പല സംഘടനകളും വ്യക്തികളും സഹായം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുന്ന അനന്തുവിന്റെയും അഞ്ചാം ക്ളാസിൽ പഠിക്കുന്ന അനന്തയേയും കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ദീപിക, രാഷ്ട്രദീപിക പത്രങ്ങളിൽ തകർന്നു വീഴാറായ ഓല മേഞ്ഞ വീടിന്റെ പടം സഹിതം വാർത്ത നൽകിയിരുന്നു. വാർത്തയോടെയാണ് ഇവരുടെ ദുരിത ജീവിതം പുറം ലോകം അറിയുന്നത്. മൂന്ന് സെന്റ് സ്ഥലത്ത് മണ്ണ് ഇഷ്ടിക കൊണ്ട് മറച്ച കുടിൽ.കന്പുകൾ നാട്ടി തെങ്ങോല കൊണ്ടും പ്ലാസ്റ്റിക് കവറുകൾ കൊണ്ടും മേഞ്ഞ മേൽകൂര അങ്ങനെ കണ്ണു നിറക്കുന്ന ജീവിത കാഴ്ചകളാണ് ഇവരുടേത്.
13 വയസുള്ള മകൻ അനന്തുവിന്റെ രണ്ടു് കാലിനും വൈകല്യമുണ്ട്. രണ്ടു് ഓപ്പറേഷൻ നടത്തിയാൽ അനന്തുവിന് സാധാരണ കുട്ടികൾ നടക്കുന്നപ്പോലെ നടക്കാനാകും. അതിന് രണ്ടു് ലക്ഷം രൂപയെങ്കിലും വേണം. ഇവരുടെ അച്ഛൻ കോയന്പത്തൂരിലാണെന്ന് പറയുന്നു. അമ്മ ഗീത കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ചികിത്സയും നിത്യ ചെലവുകളും നടത്തി കൊണ്ട് പോകുന്നത്.
വീടിനായി വടക്കഞ്ചേരി പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ശരിയായിട്ടില്ല. എട്ട് വർഷമായി ഈ വീട്ടിലാണ് ഇവർ കഴിയുന്നത്.പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടിയാണിത്. ഇക്കുറിയെങ്കിലും ഭവന പദ്ധതി ലിസ്റ്റിൽ പേരുണ്ടെന്നും വൈകാതെ വീടുകിട്ടുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.