കുട്ടിക്കാലം മുതല്‍ താന്‍ ബോഡി ഷെയ്മിംഗിന് ഇരയാണെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബുവിന്റെയും സംവിധായകന് സുന്ദര്‍ സിയുടെയും മകള്‍ അനന്തിത സുന്ദര്‍.
ഒരു തമിഴ്ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അനന്തിതയുടെ വെളിപ്പെടുത്തല്‍.
അനന്തിതയുടെ സഹോദരി അവന്തിക ലണ്ടനില്‍ പഠനം പൂര്‍ത്തിയാക്കി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
സിനിമാനിര്മാണമാണ് അനന്തിതയുടെ ലക്ഷ്യം. താരകുടുംബത്തിലെ അംഗമായതിനാല്‍ തങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശവശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് അനന്തിത പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് പരിഹാസങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെന്ന് അനന്തിത പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ തന്നെ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്.
എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹാസിക്കപ്പെട്ടു.
അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു.
ഇപ്പോള്‍ ശരീരഭാരം കുറച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഞാനെന്റെ ലക്ഷ്യത്തിലെത്തിയത്. എന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുമുണ്ട്.
വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി തനിക്കുണ്ടെന്നും അനന്തിത പറയുന്നു.