ഒറ്റപ്പാലം: അനങ്ങൻമല തുരക്കുകയോ ഖനനം നടത്തുകയോ ചെയ്യുന്ന പക്ഷം വരാനിരിക്കുന്നത് വൻ പ്രകൃതിദുരന്തം. ഏകശിലാ മാതൃകയിൽ നിലനില്ക്കുന്ന അനങ്ങൻമലയിൽ നിരവധിതവണ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. അനങ്ങൻമലയിൽ കൂറ്റൻ സ്ഫോടനങ്ങൾ നടത്തി ഖനനം നടത്തുന്നപക്ഷം മലയുടെ സ്വാഭാവികമായ കിടപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.വൻപ്രകൃതി ദുരന്തം ആയിരിക്കും ഇതിന്റെ പരിണിതഫലമെന്നും പരിസ്ഥിതിവാദികൾ ചൂണ്ടിക്കാണിക്കുന്നു.
വർഷങ്ങൾക്കുമുന്പ് അനങ്ങൻമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രകന്പനം നിമിത്തം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിച്ചുവെന്നാണ് അനുഭവസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.
ഒറ്റപ്പാലം, അന്പലപ്പാറ, അനങ്ങനടി തൃക്കടീരി, പൂക്കോട്ടുകാവ് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന അനങ്ങൻമലയിൽ കരിങ്കൽ ഖനനം നടത്തുകയോ വൻസ്ഫോടനം നടത്തി പാറ പൊളിക്കുകയോ ചെയ്താൽ വൻദുരന്തമായിരിക്കും പരിണിതഫലമെന്നും ഇത് തടയാൻ കഴിയില്ലെന്നുമാണ് പരിസ്ഥിതി പ്രേമികളും പ്രകൃതിസ്നേഹികളും മുന്നറിയിപ്പു നല്കുന്നത്.