സീമ മോഹൻലാൽ
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയെ കോടതിയിൽനിന്നു തൂക്കിയെടുത്ത ആളാണ് എറണാകുളം സെൻട്രൽ സിഐ ആയിരുന്ന എ.അനന്തലാൽ. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളുടെ പേടി സ്വപ്നമായ ഈ സിഐ അന്ന് ജനങ്ങളുടെ ഇടയിൽ നിന്ന് നേടിയ കൈയടി ചെറുതൊന്നുമല്ല.
അന്ന് ജോലിയിലാണ് കൈയടി നേടിയതെങ്കിൽ ഇപ്പോൾ വെള്ളിത്തിരയിലെ അഭിനയത്തിനാണ് കൈയടി നേടുന്നത്. ഷിനോദ് സഹദേവൻ സംവിധാനം ചെയ്ത തെങ്കാശികാറ്റ് എന്ന തമിഴ് ചിത്രത്തിലാണ് അനന്തലാൽ തിളങ്ങുന്നത്.
എസ്പി പശുപതി രാഘവ്
തമിഴ്നാട് ക്രൈംബ്രാഞ്ച് എസ്പി പശുപതി രാഘവ് എന്ന കഥാപാത്രമായാണ് അനന്തലാൽ എത്തുന്നത്. ചെറിയ റോളെ ഉള്ളുവെങ്കിലും ശക്തമായ കഥാപാത്രമാണ്. ക്ലൈമാക്സിൽ കഥയുടെ ഗതിമാറ്റുന്നതുതന്നെ പശുപതി രാഘവാണ്. നടൻ ജയകൃഷ്ണനാണ് അനന്തലാലിനെ ഈ സിനിമയിലേക്ക് ക്ഷണിച്ചത്.
കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയോട് വിവരം അറിയിച്ചപ്പോൾ അദ്ദേഹം സമ്മതംമൂളി. സഹപ്രവർത്തകരുടെ കൂടി പിന്തുണ കിട്ടിയതോടെ അനന്തലാൽ അഭിനേതാവായി.
അധ്യാപനത്തിൽ നിന്ന് പോലീസിലേക്ക്
ആലപ്പുഴ സൗദാലയത്തിൽ എ.പി അനന്തൻ-സൗദാമിനി ദന്പതികളുടെ രണ്ടുമക്കളിൽ ഇളയതാണ് അനന്തലാൽ. എം.എ മലയാളം, ബിഎഡ്, സെറ്റ് യോഗ്യതയുള്ള അനന്തലാൽ അരൂർ ഒൗവർ ലേഡീസ് ഓഫ് മേഴ്സി സ്കൂളിൽ അധ്യാപകനായിരുന്നു.
സർക്കാർ ജോലി എന്ന സ്വപ്നം മൂലം എസ്ഐ ടെസ്റ്റ് എഴുതി പാസായി. 2004-ൽ എറണാകുളം സിറ്റി ട്രാഫിക് എസ്ഐ ആയിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് പട്ടണക്കാട്, ആലപ്പുഴ നോർത്ത്, ഇടുക്കി, കടവന്ത്ര, എറണാകുളം സെൻട്രൽ, ഷാഡോ പോലീസ് എന്നിവിടങ്ങളിൽ എസ്ഐ ആയി ജോലി ചെയ്തു.
പിന്നീട് കോസ്റ്റൽ സിഐ, ചങ്ങനാശേരി സിഐ, എറണാകുളം ട്രാഫിക് വെസ്റ്റ് സിഐ, എറണാകുളം സെൻട്രൽ സിഐ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ കളമശേരി മെട്രോ പോലീസ് സ്റ്റേഷൻ സിഐ ആണ്.
കലാരംഗത്തെ പ്രവർത്തനങ്ങൾ
കുട്ടിക്കാലം മുതൽ അനന്തലാൽ കലാരംഗത്ത് സജീവമായിരുന്നു. നാട്ടിൽ ഓസോണ് എന്ന യൂത്ത് ക്ലബ് കൂട്ടുകാർക്കൊപ്പം രൂപീകരിച്ച് ഓണക്കാലത്തും മറ്റും നാടകം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു.
അധ്യാപകനായിരിക്കെ ഇദ്ദേഹം എഴുതിയ ഉണ്ണിക്കുട്ടന്റെ സ്വപ്നം എന്ന മലയാള നാടകം സബ്ജില്ല, സംസ്ഥാനതലം, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ആ കൈമുതലുമായാണ് അനന്തലാൽ അഭിനയരംഗത്തേക്കും എത്തിയിരിക്കുന്നത്. കൊച്ചി സിറ്റി പോലീസിനുവേണ്ടി ശുഭയാത്ര, കാവലാൾ എന്നീ ഹ്രസ്വചിത്രങ്ങൾ ചെയ്യുകയുണ്ടായി.
പോലീസിലും പുലി
അനന്തലാലിന്റെ അന്വേഷണത്തിൽ പല പ്രതികളെയും കീഴടക്കാനായിട്ടുണ്ട്. പൾസർ സുനിയുടെ അറസ്റ്റ്, അഭിമന്യു കേസിലെ പ്രതികളുടെ അറസ്റ്റ്, മയക്കുമരുന്ന് കേസുകൾ, ആഡംബര ഹോട്ടലിൽ വേഷം മാറി നടത്തിയ റെയ്ഡ് എന്നിവയെല്ലാം എടുത്ത പറയാവുന്നവയാണ്.
ജോലിയിൽ തടസമില്ലാതെ അഭിനയിക്കും
പശുപതി രാഘവിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ നിന്ന് നല്ല അഭിപ്രായം കിട്ടിയ സാഹചര്യത്തിൽ ഈ രംഗത്ത് തുടരാനാണ് അനന്തലാലിനു താൽപര്യം. ’ജോലിക്കു തടസമില്ലാതെ മേലധികാരികളുടെ സമ്മതത്തോടെ അഭിനയിക്കണമെന്നുണ്ട്.’’ -അനന്തലാൽ പറഞ്ഞു.
കുടുംബ വിശേഷങ്ങൾ
ഭാര്യ സരിമോൾ കരീത്തറ ജില്ലാ കോടതിയിൽ അഭിഭാഷകയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളായ അനന്തകൃഷ്ണനും കൃഷ്ണേന്തുവുമാണ് മക്കൾ.