തിരുവനന്തപുരം: കിള്ളിപ്പാലത്തെ ഹോട്ടൽ മുറിയിൽ മാരകായുധങ്ങളുമായി മയക്കുമരുന്ന് കച്ചവടം നടത്തി വന്ന സംഘത്തെ പിടികൂടുവാനെത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട മുഖ്യപ്രതിയെ പോലീസ് പിടികൂടി.
തിരുമല കുന്നപ്പുഴ വലിയകട്ടയ്ക്കാൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അനന്തു (22)വിനെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 18നാണ് സിറ്റി നാർക്കോട്ടിക് സെൽ സ്പെഷൽ ടീമും കരമന പോലീസും ചേർന്ന് കിള്ളിപ്പാലത്തെ കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നും അഞ്ച് കിലോ കഞ്ചാവും മാരക മയക്കുമരുന്നുമായ എംഡിഎംഎയും മൂന്ന് എയർ പിസ്റ്റളുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തത്.
ഇതിൽ അന്ന് രണ്ട് പ്രതികളേയും പോലീസിന് നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികളെ അടുത്ത ദിവസങ്ങളിലും പോലീസ് പിടികൂടിയിരുന്നു.
ഈ കേസിലെ മുഖ്യപ്രതിയാണ് അനന്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നാർക്കോട്ടിക് സെൽ എസിപി ഷീൻ തറയിൽ, ഫോർട്ട് എസിപി ഷാജി, കരമന എസ്എച്ച്ഒ അനീഷ്.ബി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.