തിരുവനന്തപുരം: കരമനയിൽ അനന്തു ഗിരീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴു പ്രതികൾ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി.
ഇനി ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് ആറ് പ്രതികളെ പൂവാറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെ ചെന്നൈയിൽ നിന്നും പിടികൂടി. പാപ്പനംകോട് കൈമനം പൂന്തോപ്പിൽ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സഹോദരൻമാരായ വിഷ്ണുരാജ് (23), വിനീത് എന്ന് വിളിക്കുന്ന വിനീഷ് രാജ് (20), കുഞ്ഞുവാവ എന്ന് വിളിയ്ക്കുന്ന വിജയരാജ് (18) , തിരുവല്ലം സുരഭ ഭവനിൽ നന്ദു എന്ന് വിളിക്കുന്ന ഹരിലാൽ (23), പാപ്പനംകോട് കിടങ്ങിൽ വീട്ടിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന അനീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
പൂവാറിലെ ബോട്ട് ക്ലബിന് സമീപത്ത് നിന്നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇന്നലെ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവിൽ കഴിയുന്ന ഒരാളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് പ്രതികൾ കൊഞ്ചിറ വിള സ്വദേശിയായ അനന്തു ഗിരീഷിനെ പൂർവ വൈരാഗ്യത്തിന്റെ പേരിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:
തളിയിൽ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചെണ്ടമേളത്തിനിടെ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവിന്റെ നേതൃത്വത്തിലുള്ള കൊഞ്ചിറവിളയിലെ യുവാക്കൾ മർദിച്ചിരുന്നു. ഇതിലുള്ള വിരോധം പ്രതികൾക്ക് അനന്തുവിനോടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൈമനത്തെ വിജനമായ കാട്ടിൽ വച്ച് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പ്രതികളുടെ സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടി നടന്നിരുന്നു. പാർട്ടിയിൽ പതിനഞ്ചോളം പേർ പങ്കെടുത്തിരുന്നു.
പാർട്ടിയിൽ പങ്കെടുത്തവരിൽ ചെണ്ടമേളത്തിന് പോകുന്നവരും ഉണ്ടായിരുന്നു. ചില സുഹൃത്തുക്കളെ ബൈക്കിൽ അരശുംമൂട്ടിൽ കൊണ്ടാക്കിയ ശേഷം മടങ്ങും വഴി അനന്തു ഒരു ബേക്കറിയിൽ നിൽക്കുന്നത് പ്രതികളിലൊരാളായ വിഷ്ണു കണ്ടു.
വിഷ്ണുവും ഒപ്പമുണ്ടായിരുന്ന അരുണ്ബാബുവും ചേർന്ന് അനന്തുവിനെ മർദിച്ച ശേഷം മറ്റ് സുഹൃത്തുക്കളെ അനന്തുവിനെ കണ്ട വിവരം ഫോണിൽ അറിയിച്ചു. കൂടുതൽ പേർ സ്ഥലത്തെത്തുകയും അനന്തുവിനെ പ്രതികൾ എത്തിയ ഒരു ബൈക്കിന് മധ്യത്തിൽ ഇരുത്തി കൈമനത്തെ കുറ്റിക്കാട്ടിൽ എത്തിക്കുകയായിരുന്നു. അവിടെ വച്ച് ബിയർ കുപ്പി, കത്തി, കരിക്ക്, തടിക്കഷണം എന്നിവ ഉപയോഗിച്ച് പ്രതികൾ ഉൾപ്പെട്ട സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി.
അനന്തുവിന്റെ കൈയിലെ ഞരന്പുകൾ മുറിച്ച ശേഷം രക്തം വാർന്ന് പോകുന്നത് ആസ്വദിച്ചുവെന്നും പ്രതികൾ വെളിപ്പെടുത്തി. രാത്രി ഏഴരയോടെ അനന്തു മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം തങ്ങൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികൾ സമ്മതിച്ചു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടികൂടാൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്ക് മരുന്ന് ഉപയോഗിക്കുന്ന പ്രതികളെ പ്രദേശവാസികൾ ഭയത്തോടെയാണ് കണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട അനന്തുവിന്റെ സംഘവും പ്രതികൾ ഉൾപ്പെട്ട സംഘവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.