കോഴിക്കോട്: കവര്‍ച്ചാ കേസില്‍ പരാതി നല്കിയ യുവാവിനെ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി പിതാവ്. ഉണ്ണികുളം സ്വദേശി പ്രകാശനാണ് മകന് അനന്തുപ്രകാശി(20) നെ ഫറോക്ക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചതെന്ന ആരോപണവുമായി രംഗത്തെത്തിയത്. മര്‍ദനത്തെ തുടര്‍ന്ന് അനന്തുവിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പിതാവ് പറയുന്നതിങ്ങനെ : സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്റായ അനന്തുവിനെ ഡിസംബര്‍ 31 ന് രാമനാട്ടുകര ബസ്റ്റാന്‍ഡിന് സമീപത്തുള്ള പോക്കറ്റ് റോഡില്‍ വച്ച് മൂന്നംഗസംഘം ആക്രമിച്ചിരുന്നു. ബൈക്കില്‍ പോവുകയായിരുന്ന അനന്തുവിനെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ശേഷം ബാഗിലുണ്ടായിരുന്ന 65,000 രൂപയുമായി മൂന്നംഗസംഘം രക്ഷപ്പെട്ടു.
അതിനിടെ അനന്തുവിന്റെ ബാഗിലുണ്ടായിരുന്ന ടാബും ഇവര്‍ അടിച്ചുതകര്‍ത്തു. പണം കവര്‍ന്നതിനു ശേഷം അനന്തുവിന്റെ കണ്ണില്‍ മുളകുപൊടി വിതറിയാണ് മൂവരും രക്ഷപ്പെട്ടത്. ആക്രമിച്ച രണ്ടുപേര്‍ ഹെല്‍മറ്റായിരുന്നു ധരിച്ചത്. മൂന്നാമത്തെയാള്‍ തുണികൊണ്ട് മുഖം മറിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫറോക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ആദ്യഘട്ടത്തില്‍ തന്നെ പോലീസ് അനന്തുവിന്റെ മൊഴി രേഖപ്പെടുത്തുമ്പോള്‍ മര്‍ദിച്ചിരുന്നു.
കൈവിരലുകള്‍ക്കിടയില്‍ അമര്‍ത്തിയാണ് വേദനിപ്പിച്ചിരുന്നത്. അനന്തു പണം എടുത്തതാണോ എന്നറിയുന്നതിന് വേണ്ടി ചെയ്തുവെന്നാണ് കരുതിയത്. ഇതുകൂടാതെ അനന്തുവിന്റെ ഫോണും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൊഴിയെടുത്ത ശേഷം പോലീസ് അനന്തുവിനെ വീട്ടിലേക്ക് വിട്ടയച്ചു. മൂന്നുദിവസം ഇപ്രകാരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇന്നലേയും സ്റ്റേഷനിലേക്ക് വീണ്ടും വിളിച്ചു.
രാവിലെ അനന്തു സ്റ്റേഷനിലെത്തിയെങ്കിലും ഉച്ചയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അസി.കമ്മീഷണറുടെ സ്ക്വാഡാണ് ചോദ്യം ചെയ്തത്. 12 പേരുണ്ടായിരുന്നു. ആദ്യം തന്നെ കുറ്റം സമ്മതിക്കണമെന്നായിരുന്നു ഇവര്‍ അനന്തുവിനോട് പറഞ്ഞത്. പിന്നീട് അടിവസ്ത്രത്തില്‍ നിര്‍ത്തിയശേഷം മര്‍ദിക്കുകയായിരുന്നു. രണ്ടുകാലുകളും വിടര്‍ത്തി വച്ചായിരുന്നു മര്‍ദനം. ഈ സമയം ഞാന്‍ പുറത്തുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞതിനു ശേഷം മകന് കുറ്റം സമ്മിച്ചെന്ന് ഒരു പോലീസുകാരന് പറഞ്ഞു. അതിനിടെ മകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പോലീസുകാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മകനെ കൊണ്ടുപോവുമ്പോഴും തന്നെ അറിയിച്ചിരുന്നില്ല. ഒടുവില്‍ സംഭവമറിഞ്ഞ് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മര്‍ദിച്ച കാര്യം പറയുന്നത്. തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോപണം അടിസ്ഥാന രഹിതം : പോലീസ്
കോഴിക്കോട് : പോലീസ് സ്റ്റേഷനില്‍വച്ച് അനന്തുവിനെ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഫറോക്ക് എസ്ഐ എം.കെ. അനില്‍കുമാര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. കവര്‍ച്ചാകേസില്‍ അനന്തുവിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. കുറ്റം അനന്തുസമ്മതിക്കുകയും ചെയ്തതാണ്. ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും എസ്ഐ പറഞ്ഞു.