ടി.ജി.ബൈജുനാഥ്
റിയാലിറ്റി വേദികളിൽ തിളങ്ങുന്നവർക്ക് പിന്നണി പാടാൻ മുന്തിയ പരിഗണന നല്കുന്ന കാലത്താണ് ‘വെള്ളം’ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ സാധാരണ ജീവിതപരിസരങ്ങളിൽ നിന്ന് അസാധാരണ പ്രതിഭാസ്പർശമുള്ള അനന്യയെന്നെ അഞ്ചാം ക്ലാസുകാരിയെ ബിജിബാലിന്റെ ഈണത്തിൽ പാടാൻ വിളിക്കുന്നത്.
“ അവർക്കൊക്കെ അവസരങ്ങളുണ്ട്. ഈ കുട്ടിക്ക് അത്തരം സാധ്യതകൾ കുറവല്ലേ. ഏറെ ഫീൽ ചെയ്താണ് അനന്യ പാടുന്നത്. ഫീലുള്ള ആ വോയ്സ് ബിജിബാലിന് വളരെ ഇഷ്ടമായി. ഇനിയും പാട്ടുകൾ അനന്യയെ തേടിയെത്തും…” കുഞ്ഞു സ്വപ്നങ്ങൾക്കു ചിറകുകൾ നല്കിയ പ്രജേഷ് സെൻ പറയുന്നു.
ഉൾക്കണ്ണിലൂടെ മാത്രം ഈ ലോകം കാണുന്ന അനന്യയുടെ പാട്ട് അച്ഛനെക്കുറിച്ചാണ്, അമ്മയെക്കുറിച്ചാണ്, സർവ ചരാചരങ്ങളെയും തൊട്ടുണർത്തുന്ന സ്നേഹത്തെക്കുറിച്ചുമാണ്.
ബിജിബാലും നിധീഷ് നടേരിയും ചേർന്നൊരുക്കിയ ‘പുലരിയിലച്ഛന്റെ തുടുവിരലെന്നപോൽ തൊട്ടുണർത്തുന്നൂ തൂവെട്ടം..’ യൂട്യൂബിൽ ഇതുവരെ ആസ്വദിച്ചത് രണ്ടരലക്ഷത്തിലധികംപേർ. പാട്ടുകേട്ട് ഇഷ്ടമായിട്ടാണ് മഞ്ജുവാര്യർ അതു ഫേസ്ബുക്ക് പേജിൽ ലോഞ്ച് ചെയ്തത്.
ജയസൂര്യ യും സിദ്ധിക്കും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെ ത്തുന്ന ‘വെള്ളം’ കണ്ണൂരുള്ള ഒരു മനുഷ്യന്റെ ജീവിതമാണു പറയുന്നത്.
വഴിത്തിരിവായി ‘നീ മുകിലോ…’
മൂന്നര വയസിൽ അനന്യ പാടിത്തുടങ്ങിയെന്ന് അമ്മ പ്രജിത. ഒന്നാം ക്ലാസിൽ ആയപ്പോഴേക്കും സിനിമാപാട്ടുകളിലെത്തി. ‘ഇന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്...’ അതിലാണു തുടക്കം. റേഡിയോയിലും മൊബൈലിലും കേട്ട പാട്ടുകളൊക്കെ അനന്യ പാടിപ്പഠിച്ചു.
രാഗേഷ് ഹരിശ്രീയാണ് ആദ്യമായി പാട്ടു പഠിപ്പിച്ചത്. കണ്ണൂർ ഫ്ളവേഴ്സ് അക്കാദമിയിലെ ഷമീർബാബുവാണ് ഇപ്പോൾ ഗുരു. കഴിഞ്ഞ വർഷം ക്ലാസിലിരുന്ന് ലഞ്ച് ബ്രേക്കിൽ അനന്യ പാടിയ ‘നീ മുകിലോ..’ എന്ന പാട്ടാണ് വഴിത്തിരിവായത്.
അനിഷ എന്ന കുട്ടി എടുത്ത വീഡിയോ നടി അനുമോൾക്ക് അയച്ചുകൊടുത്തു. അതു സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ചാനലുകൾ കൊച്ചുപാട്ടുകാരിയെത്തേടി കണ്ണൂർ വാരത്തെ വീട്ടിലെത്തി. സിനിമയിൽ പാടാൻ ആഗ്രഹമുള്ളതായി അനന്യ അഭിമുഖങ്ങളിൽ പറഞ്ഞു.
പ്രാർഥനയോടെ തുടക്കം…
അനന്യയുടെ അഭിലാഷം പ്രജേഷ് സെൻ അറിഞ്ഞത് ‘റോക്കറ്റ്റി’ സിനിമയുടെ വർക്കിനിടയിലാണ്. ഏഷ്യാനെറ്റിൽ ജേണലിസ്റ്റായ സുഹൃത്ത് വിനിത വേണുവാണ് ആ പാട്ടുവീഡിയോ എത്തിച്ചത്.
“എനിക്കതു ഹൃദയസ്പർശിയായി തോന്നി. വെള്ളത്തിന്റെ മ്യൂസിക് ചെയ്യുന്ന ബിജിബാലിനെ വിളിച്ചു. ബിജിബാൽ അനന്യയുടെ പാട്ട് മുന്പേ കേട്ടിരുന്നു.
അനന്യയെ നമ്മുടെ സിനിമയിൽ പാടിക്കാമെന്ന് ഞാൻ. അതിനുള്ള സിറ്റ്വേഷൻ ഉണ്ടോ എന്നായി ബിജിബാൽ. സിറ്റ്വേഷൻ ഉണ്ടാക്കാം – ഞാൻ പറഞ്ഞു. അങ്ങനെ സ്കൂൾ സീക്വൻസിൽ അനന്യയ്ക്കു വേണ്ടി ഒരു പ്രാർഥനാഗീതം രൂപപ്പെടുത്തി.
ബിജിബാൽ ഒരു പാട്ട് മ്യൂസിക് ഉണ്ടാക്കി. നിധീഷ് നടേരി എഴുതിയ വരികൾ പാടി ബിജിബാൽ അനന്യയ്ക്ക് അയച്ചുകൊടുത്തു. സിനിമയുടെ ഷൂട്ട് തുടങ്ങുംമുന്പ് അനന്യയെ എറണാകുളത്തെ സ്റ്റുഡിയോയിൽ എത്തിച്ച് പാട്ട് റിക്കോർഡ് ചെയ്തു” – പ്രജേഷ് സെൻ പറഞ്ഞു.
പ്രകാശം പരത്തുന്ന പാട്ടുകാരി
റിക്കോർഡിംഗിന് വന്നപ്പോഴാണ് ബിജിബാൽ അനന്യയെ ആദ്യമായി കണ്ടത്. “ അദ്ഭുതകരമെന്നു പറയട്ടെ… പാട്ടിലെ ചെറിയ ചെറിയ കാര്യങ്ങളും ഡീറ്റയിലിംഗുമെല്ലാം കൃത്യമായി പഠിച്ചാണ് അനന്യ വന്നത്. അത്ര ദൂരെ നിന്നാണു വന്നതെങ്കിൽപ്പോലും കേവലം 20 മിനിറ്റുകൊണ്ട് ആ കുട്ടി പാടിക്കഴിഞ്ഞിരുന്നു.
ഒരു കറക്്ഷനും പിന്നീട് എടുക്കേണ്ടി വന്നില്ല. മോഹനം എന്നൊക്കെ പറയാവുന്ന രീതിയിൽ സിംപിളായ ഒരു പ്രാർഥന. പാട്ട് സിംപിളാണെങ്കിലും ബുദ്ധിമുട്ടുള്ളതാണെങ്കിലും അതു പ്രകാശമാനമാക്കണമല്ലോ. പ്രത്യേകിച്ചും പ്രാർഥനയാകുന്പോൾ കേൾക്കുന്നവർക്കും അതു വെളിച്ചം പകരുന്നതാവണം.
അക്ഷരസ്ഫുടതയ്ക്കപ്പുറം പാട്ടിന്റെ ഒരു സ്ഫുടതയുണ്ടല്ലോ… പാട്ടു പാടുന്നതിലുളള ഒരുറപ്പ്. അത് ആത്മവിശ്വാസത്തിൽ നിന്നു വരുന്നതാണ്. കൃത്യതയോടെ, ഒരു സംശയവുമില്ലാതെയാണ് ആ കുട്ടി പാടുന്നത്. അക്ഷരസ്ഫുടതയ്ക്കൊപ്പം സംഗീതത്തിലുള്ള കൃത്യതയും… അതിലൊക്കെയാണ് ഏറ്റവും മതിപ്പു തോന്നിയത്. കുട്ടികൾ പാടുന്ന പാട്ടൊക്കെയാണെങ്കിൽ തുടർന്നും അനന്യയെക്കൊണ്ട് പാടിക്കുന്നതിൽ സന്തോഷം ” ബിജിബാൽ പറഞ്ഞു.
പാട്ടെഴുത്തുകാരൻ പറയുന്നു
“ അനന്യയാവും ഈ പാട്ടു പാടുകയെന്ന് ബോധിയിലിരുന്ന് പാട്ടെഴുന്പോൾ അറിയാമായിരുന്നു. കാരണം, ബിജിബാൽ സാറും പ്രജേഷ് ഭായിയുമൊക്കെ അതു തീരുമാനിച്ചിരുന്നു.
‘നീ മുകിലോ’ വൈറലായി നിൽക്കുന്ന സമയമായിരുന്നു അത്. ആദ്യത്തെ കുറച്ചു വരികൾ എഴുതിത്തുടങ്ങിയ ശേഷമാണ് ട്യൂൺ തന്നത്. തളിപ്പറന്പിലെ സെറ്റിലെത്തിയ അനന്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകാതെ വീട്ടിൽ പോയി കാണും….”
പാട്ടെഴുതിയ നിധീഷ് നടേരി പറഞ്ഞു.
‘പാട്ട് ഹിറ്റായതോടെ അനന്യ സന്തോഷത്തിലാണ്. കാരണം, അവൾക്കു പുറംലോകമൊന്നും ഇല്ലല്ലോ. ആകെയുള്ളതു ശബ്ദം മാത്രമല്ലേ. പുറത്തു കൊണ്ടുപോയി ചികിത്സിക്കണമെങ്കിൽ പോലും പ്രൊഡ്യൂസേഴ്സ് റെഡിയാണ്.”
അനന്യയ്ക്കു കാഴ്ച ലഭിക്കാനുള്ള സാധ്യതകൾ തേടുകയാണ് പ്രജേഷ് സെൻ. വാരം യുപി സ്കൂൾ വിദ്യാർഥിയായ അനന്യ ധർമശാലയിലെ മോഡൽ സ്കൂൾ ഫോർ ബ്ലൈൻഡിൽ ബ്രെയിൻ ലിപി പഠിക്കുന്നു.
“ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടിരിക്കുന്നതും വീട്ടിലേക്കു കൂട്ടിവരുന്നതും ഞാനാണ്. അവൾക്കു നടക്കാനും മറ്റും എപ്പോഴും ഒരാളുടെ സഹായം വേണം ”- അനന്യയെ ചേർത്തുപിടിച്ച് പ്രജിത പറഞ്ഞു.
വലിയ പാട്ടുകാരിയാവണം
നീ മുകിലോ, രാജഹംസമേ, പുലർകാല സുന്ദരസ്വപ്നത്തിൽ, മൗനസരോവരമാകെയുണർന്നു… അനന്യയുടെ ഇഷ്ടഗാനങ്ങൾ തീരുന്നില്ല.
“ചിത്രച്ചേച്ചി, എം.ജി. ശ്രീകുമാർ അങ്കിൾ, യേശുദാസ് അങ്കിൾ… എല്ലാവരുടെയും പാട്ടുകൾ ഇഷ്ടമാണ്. വലിയ പാട്ടുകാരിയാവണം…” വാരത്തെ കൊച്ചുവീട്ടിലിരുന്ന് അനന്യ പറഞ്ഞു. കൂലിപ്പണി ചെയ്യുന്ന അച്ഛൻ പുഷ്പനും അമ്മ പ്രജിതയും സഹോദരി അതുല്യയും അവളുടെ സ്വപ്നങ്ങൾ ക്കൊപ്പമാണ്.
അനന്യയുടെ മോഹങ്ങൾ
പാട്ടുകളുടെ ആകാശങ്ങളിലേക്കു പറന്നു തുടങ്ങുകയാണ്.