ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയരാണ് ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും. സിനിമയിൽ അരങ്ങേറ്റം കുറിച്ച സമയം മുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് അനന്യ.
നടൻ ആദിത്യയുമായി അനന്യ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അനന്യയുടെയും ആദിത്യയുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചർച്ചാവിഷയവുമാണ്.
ഒരിക്കൽ ആദിത്യയും അനന്യയും ഒന്നിച്ച് റാമ്പിലെത്തിയതായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്.
ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഉറപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ആദിത്യയും അനന്യയും ഇപ്പോൾ സ്പെയിനിൽ ഒന്നിച്ച് അവധിയാഘോഷങ്ങളിലാണ്.
സ്പെയിനിൽ ഒരു സംഗീതമേളയിൽ പങ്കെടുത്തതിന്റെ വീഡിയോ ഇരുവരും പങ്കുവച്ചിരിക്കുകയാണ്. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയൊന്നും രണ്ടു പേരും പങ്കുവച്ചിട്ടില്ല.
കഴിഞ്ഞ വർഷം കൃതി സനോൺ ഒരുക്കിയ ദീപാവലി ആഘോഷങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് മുതൽ ആദിത്യയും അനന്യയും ഡേറ്റിംഗിലാണെന്ന കിംവദന്തികൾ പ്രചരിച്ചിരുന്നു. അതിനുശേഷം നിരവധി പാർട്ടികളിൽ ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്.