മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ട്രാൻസ്ജെൻഡറുകൾക്ക് നീതി ഉറപ്പാക്കാൻ ശബ്ദമുയർത്തുമെന്നു വേങ്ങര നിയോജക മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ അലക്സ്.
മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച “സഭാങ്കം’ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
വിവിധ ഭാഗങ്ങളിൽ പല ട്രാൻസ്ജെൻഡറുകളും സാമൂഹിക ഒറ്റപ്പെടലും തൊഴിൽപരമായ പ്രതിസന്ധിയും രൂക്ഷമായി നേരിടുകയാണ്.
വിദ്യാഭ്യാസപരമായി ഉയർന്നാലും നിലവിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ജോലി ലഭിക്കുന്ന സാമൂഹിക അന്തരീക്ഷമല്ല കേരളത്തിലുള്ളത്.
അതിനാൽ തന്നെ റിസർവേഷൻ ഉൾപ്പെടെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അനന്യ പറഞ്ഞു.
എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന പാർട്ടിയെന്ന നിലയിലാണ് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പിന്തുണയിൽ താൻ മത്സരിക്കുന്നത്.
ഡിഎസ്ജെപി സവർണ മേധാവിത്വമുള്ള പാർട്ടിയാണെന്ന വിമർശനം ശരിയല്ല. സമത്വത്തിലൂന്നിയ നിലപാടും വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ഇഛാശക്തിയുമാണ് ഈ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രചോദനമായത്.
കേരളത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശ്രദ്ധേയമായ നിയോജക മണ്ഡലത്തിൽ നിന്നാവണമെന്ന നിർബന്ധമാണ് വേങ്ങര മണ്ഡലം തെരഞ്ഞെടുക്കാൻ കാരണമായത്.
ശക്തമായ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് വേങ്ങര. വലിയ സ്വീകാര്യതയാണ് ഇവിടെ നിന്നു ലഭിക്കുന്നത്.
വോട്ടർമാരുടെ സ്നേഹവും സന്തോഷവും നിലവിലെ സാഹചര്യങ്ങളിൽ നിന്നും മാറിചിന്തിക്കുന്നതും പ്രതീക്ഷ നൽകുന്നുണ്ടെന്നും ട്രാൻസ്ജെൻഡർ എന്ന ഐഡിയിൽ തന്നെയാകും വോട്ടു ചെയ്യുകയെന്നും അവർ പറഞ്ഞു.
മലപ്പുറം പ്രസ്ക്ലബ് പ്രതിനിധികളായ കെ.പി.എം. റിയാസ്, പി.പി. ഷംസീർ തുടങ്ങിയവരും സംബന്ധിച്ചു.