മുംബൈ: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അനന്യ പാണ്ഡെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജാകണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി).
വ്യാഴാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം താരത്തെ എൻസിബി വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചാണ് വിട്ടയച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് മുംബൈയിലെ എൻസിബി ഓഫീസിൽ അനന്യ ഹാജരായത്.
പിതാവും നടനുമായ ചുങ്കി പാണ്ഡെയ്ക്കൊപ്പമാണ് അനന്യ എത്തിയത്. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും അനന്യയും തമ്മിൽ നടത്തിയ വാട്സ്ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
അനന്യ പാണ്ഡെ കേസിൽ നിർണായക കണ്ണി എന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.
അനന്യയുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് കോടതിയിൽ സമർപ്പിച്ചതെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ അനന്യയുടെ ബാന്ദ്രയിലെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു.
നടിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇതിനൊപ്പം നടൻ ഷാരൂഖ് ഖാന്റെ വീട്ടിലും റെയ്ഡ് നടത്തി.
ആര്യൻ ഖാനെ ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാരൂഖിന്റെ വസതിയായ മന്നത്തിൽ എത്തി റെയ്ഡ് നടത്തിയത്.