അഞ്ജലി അനില്‍കുമാര്‍
ഇത് അനന്യ. ഈ കൊച്ചു മിടുക്കിയാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം. സ്കൂള്‍ യൂണിഫോമില്‍ ക്ലാസ് മുറിയിലിരുന്ന് സിത്താര കൃഷ്ണകുമാറിന്റെ നീ മുകിലോ എന്ന ഗാനം ആസ്വദിച്ചു പാടുകയാണ് ഈ ഒന്‍പതു വയസുകാരി. മാധ്യമ പ്രവര്‍ത്തകയായ മിനി പദ്മയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ കുഞ്ഞു ഗായികയുടെ പാട്ട് പങ്കുവച്ചത്.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ അനന്യക്കുട്ടിയും അവളുടെ ശബ്ദവും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് അനന്യയുടെ സ്വരമാധുര്യത്തെ അഭിനന്ദിച്ചുകൊണ്ടും ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ജന്മനാല് ഇരുകണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ടിരുന്നു അനന്യയ്ക്ക്. എന്നാല്‍ ഒരിക്കല്‍പ്പോലും ആ കുറവ് അവളെ അറിയിക്കാതെ അച്ഛന് പുഷ്പനും അമ്മ പ്രജിതയും ഒപ്പം നിന്നപ്പോള്‍ ഇരുള്‍വീണ അവളുടെ ലോകത്തിലേക്ക് സംഗീതവും കടന്നു വന്നു. അനന്യയുടെ ചേച്ചി അതുല്യയും അനിയത്തിയെ പാട്ടു പഠിപ്പിച്ച് കൂടെയുണ്ട്.
ചെറുപ്പം മുതല്‍ പാട്ടു കേള്‍ക്കുന്നത് അനന്യയ്ക്ക് വലിയ ആവേശമാണെന്ന് അമ്മ പ്രജിത പറഞ്ഞു. ‘താരാട്ട് പാടിയാല്‍പോലും അവള് വലിയ ശ്രദ്ധയോടെ കേള്‍ക്കും. കുറച്ചു വളര്‍ന്നപ്പോള്‍ ചെറുതായി മൂളാന്‍ തുടങ്ങി. മൂന്നു മൂന്നര വയസുള്ളപ്പോള്‍ മുതലാണ് അനന്യ ശരിക്കും പാടാന്‍ തുടങ്ങുന്നത്.
ആ പ്രായത്തിലും ഒട്ടുമിക്ക പാട്ടുകളുടേയും വരികള്‍ അവള്‍ക്കു മനഃപാഠമാണ് എന്നത് ഞങ്ങള്‍ക്കെല്ലാം അതിശയമായിരുന്നു. ഞാനും അവളുടെ അച്ഛനും പാട്ട് ആസ്വദിക്കുമെങ്കിലും പാടാറില്ല. അതുകൊണ്ടു തന്നെ മോള്‍ക്കിത് ദൈവം നല്കിയ അനുഗ്രഹം തന്നെയാണെന്നാണ് ഞങ്ങളുടെ വിശ്വാസം.’ പ്രജിത പറഞ്ഞു.
കണ്ണൂര്‍ വാരം യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അനന്യ ആദ്യം തിരയുന്നത് അവള്‍ക്കേറ്റവും പ്രിയപ്പെട്ട റേഡിയോയാണ്. പടിക്കലെത്തുമ്പോള്‍ തന്നെ അമ്മേ റേഡിയോ എന്നു വിളിച്ചു പറയുമെന്ന് പ്രജിത പറയുന്നു. ‘പാട്ടിനോടുള്ള ഈ ഇഷ്ടം കണ്ടിട്ടാണ് ഒരു റേഡിയോ വാങ്ങിക്കൊടുത്തത്.
ഇപ്പോള്‍ ഊണിലും ഉറക്കത്തിലുമെല്ലാം അതു കൂടെ വേണം. മോള് വീട്ടിലുണ്ടെങ്കില്‍ ഇവിടെ എപ്പോഴും പാട്ടു തന്നെയാകും. ഇപ്പോള്‍ രാകേഷ് ശ്രീഹരിയുടെ കീഴില്‍ പാട്ട് പഠിക്കുന്നുണ്ട്.’, പ്രജിത പറഞ്ഞു.
അനന്യ പാട്ടു പാടുന്ന വീഡിയോയ്ക്കു താഴെ അനന്യയുടെ അധ്യാപികയായ ജിന്‍സി ജെയിംസ് കുറിച്ച ഒരു കമന്റും ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കണ്ണൂര്‍ വാരം യുപി സ്കൂളിലെ കുട്ടി അനന്യ… ഞാന്‍ പഠിപ്പിച്ച എന്റെ മോളാണ്… വളരെ മിടുക്കിയാണ്… നൂറു ശതമാനം കാഴ്ചവൈകല്യമുണ്ട്…
എന്റെ കൈ പിടിച്ചു നോക്കി എന്നെ തിരിച്ചറിയുന്ന അത്ഭുത ശബ്ദത്തിനു ഉടമയാണ് ഈ മോള്… മറ്റൊരു പ്രത്യേകത, ഇംഗ്ലീഷ് പഠിക്കുവാനും പറയുവാനുമാണ് അവള്‍ക്കിഷ്ടം. അവളുടെ ഇഷ്ടം മനസിലാക്കി പഠിക്കാന്‍ കൊണ്ട് പോകുന്ന സ്നേഹ നിധിയായ അമ്മയും സമൂഹത്തിനു മോഡല്‍ ആണ്- ടീച്ചര്‍ കുറിച്ചു.
എത്രയും പ്രിയപ്പെട്ടവളേ… ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന കുറിപ്പോടെയാണ് ഗായിക സിത്താര അനന്യയുടെ വീഡിയോ പങ്കുവച്ചത്.