രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ആഗ്രഹങ്ങളുടെ പടവുകൾ ചവിട്ടി ആകാശമായവളാണ് അനന്യ ശർമ. അകലേക്കു പറക്കുന്പോൾ അരുകിലിരിക്കാൻ അച്ഛൻ സഞ്ജയ് ശർമയുമുണ്ട്.
ഇന്ത്യൻ സേനാ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഒരു അപൂർവ നേട്ടം അനന്യ സ്വന്തമാക്കുന്നത് അച്ഛൻ സഞ്ജയ് ശർമയ്ക്കൊപ്പമാണ്.
വ്യോമസേനയിൽ ആദ്യമായി ഒരുമിച്ചു പോർവിമാനം പറപ്പിക്കുന്ന അച്ഛനും മകളുമാണ് എയർ കമഡോർ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസർ അനന്യ ശർമയും.
കർണാടകയിലെ ബിദാർ എയർഫോഴ്സ് സ്റ്റേഷനിൽനിന്നു ഹോക്ക് 132 പോർവിമാനം പറത്തിയാണ് അച്ഛനും മകളും ചരിത്രം കുറിച്ചത്.
എയർഫോഴ്സ് സ്റ്റേഷനിൽ പരിശീലനം പൂർത്തിയാക്കുന്ന അനന്യ അച്ഛനൊപ്പം കരുത്തും മികവും കൂടിയ പോർവിമാനങ്ങൾ പറപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
അപൂർവ നേട്ടം സ്വന്തമാക്കിയ അച്ഛൻ-മകൾ കൂട്ടുകെട്ടിന് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദനവും അറിയിച്ചു.
യുദ്ധ വിമാനങ്ങൾ പറത്തുന്നതിനു പരിശീലനം ലഭിച്ച എയർ കമഡോർ സഞ്ജയ് ശർമ 1989ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
ഇന്ത്യൻ വ്യോമസേനയിൽ 30 വർഷത്തിനു മുകളിൽ അനുഭവ സന്പത്തുള്ള സഞ്ജയ് ശർമ മിഗ് 21 (എംഐജി) യുദ്ധവിമാന സ്ക്വാഡിന്റെയും ഫൈറ്റർ സ്റ്റേഷനുകളുടെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യത്തിനു വേണ്ടി സ്തുത്യർഹമായ സേവനം ചെയ്യുന്ന അച്ഛനെ കണ്ടു വളർന്ന മകൾ ചെറുപ്പം മുതൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു.
വ്യോമസേനയിലേക്ക് 2016ൽ ആദ്യമായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചപ്പോൾ അനന്യ രണ്ടാമതൊന്ന് ആലോചിച്ചില്ല.
എൻജിനിയറിംഗ് ബിരുദം നേടിയ അനന്യ 2021 ഡിസംബറിലാണ് ഫൈറ്റർ പൈലറ്റായി നിയമിതയാകുന്നത്.
പരിശീലനം പൂർത്തിയാക്കുന്ന 24കാരിയായ അനന്യ ശർമയെ ജനുവരിയിൽ സന്പൂർണ ഫൈറ്റർ സ്ക്വാഡ്രണിലേക്കു നിയമിക്കും.
കുട്ടിക്കാലത്ത് വ്യോമസേനയിൽ സ്ത്രീകളെ കാണാത്തതിൽ പരിഭവപ്പെട്ട മകളെ ആശ്വസിപ്പിച്ചത് സജ്ഞയ് ശർമ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.
മകളോടൊപ്പം ബിദറിലെ എയർഫോഴ്സ് സ്റ്റേഷനിൽനിന്ന് ആകാശത്തേക്ക് പറക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് സഞ്ജയ് ശർമ കരുതുന്നത്. അഭിമാന നേട്ടം സ്വന്തമാക്കി അച്ഛൻ-മകൾ കൂട്ടുകെട്ടിനെ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി.
പരീക്ഷണാടിസ്ഥാനത്തിൽ 2016ലാണ് ഇന്ത്യൻ വ്യോമസേനയിലേക്കു സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിനു തീരുമാനിച്ചത്.
ഫ്ളൈയിംഗ് ഓഫീസർമാരായ അവനി ചതുർവേദി, ഭാവനാ കാന്ത്, മോഹന സിംഗ് എന്നിവരാണ് ഐഎഎഫ് ഫൈറ്റർ സ്ക്വാഡ്രണിൽ പ്രവേശനം നേടുന്ന ആദ്യ വനിതകൾ.
വ്യോമസേനയിലേക്കു സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിനുള്ള സംരംഭം വിജയിച്ചതിനെ തുടർന്ന് പിന്നീട് പദ്ധതി വ്യോമസേനയിൽ സ്ഥിരമാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 2020ലെ കണക്കുകൾ അനുസരിച്ച് 16 വനിതാ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെടെ 1,625 വനിതാ ഓഫീസർമാരാണ് ഇന്ത്യൻ വ്യോമസേനയിലുള്ളത്.