ചാത്തന്നൂർ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏക ട്രാൻസ് ജൻഡർ സ്ഥാനാർഥിയായിരുന്ന കൊല്ലം പെരുമൺ സ്വദേശി അനന്യ കുമാരിയും ദല്ലാൾ നന്ദകുമാറിനെതിരേ അന്വേഷണ സംഘത്തിന് മൊഴി നൽകി.
വേങ്ങര നിയോജക മണ്ഡലത്തിലെ ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു അനന്യ. അരുർ മണ്ഡലത്തിൽ ഡി എസ് ജെ പി സ്ഥാനാർഥിയായിരുന്ന ചലച്ചിത്ര-സീരിയൽ താരം പ്രിയങ്ക, നന്ദകുമാറിനെതിരേ മൊഴി നല്കിയതിന് പിന്നാലെയാണ് ട്രാൻസ് ജൻഡർ സ്ഥാനാർത്ഥി അനന്യയും നന്ദകുമാറിനെതിരെ മൊഴി നല്കിയത്.
കുണ്ടറ നിയോജക മണ്ഡലത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരേ മത്സരിച്ച ഇഎംസിസി എന്ന അമേരിക്കൻ കമ്പനി ചെയർമാൻ ഷിജു വർഗീസിനെതിരേ, പെട്രോൾബോംബാക്രമണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അനന്യയെയും കഴിഞ്ഞ ദിവസം നടി പ്രിയങ്കയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ദൽഹിയിലായിരുന്ന നന്ദകുമാർ കൊച്ചിയിലെത്തിയിട്ടുണ്ടെന്നും തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യമെന്നും അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസി പി വൈ .നിസാമുദീൻ പറഞ്ഞു.
അനന്യയെ വേങ്ങരയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേയാണ് സ്ഥാനാർഥിയായി നിർത്തിയത്.
നന്ദകുമാറിന്റെ നിർദേശപ്രകാരം എറണാകുളത്തെ ഇവന്റ്് മാനേജ്മെന്റ് ഗ്രൂപ്പാണ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിക്കണമെന്ന ആവശ്യവുമായി സമീപിച്ചത്.
പത്രിക സമർപ്പിച്ചെങ്കിലും ഡിഎസ്ജെപിയുമായി ഒത്തു പോകാൻ കഴിയാത്തതിനാൽ പിന്മാറുന്നതായി പ്രഖ്യാപിച്ചെങ്കിലും അതിനകം പത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞിരുന്നു.
പർദ ധരിക്കുക, കുഞ്ഞാലിക്കുട്ടിയ്ക്കെതിരേ പരാമർശങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് മത്സര രംഗത്തു നിന്നും പിന്മാറാൻ തീരുമാനിച്ചതെന്നും അനന്യ പോലീസിന് മൊഴി നൽകി.
എറണാകുളത്തെ പാർട്ടി ഓഫീസിൽ വച്ച് നന്ദകുമാർ, ഷിജു വർഗീസ്, ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കളായ മല്ലേലിൽ ശ്രീധരൻ നായർ, കോന്നി ഗോപകമാർ, തുടങ്ങിയവരെ പലവട്ടം കണ്ടിരുന്നു. ഷിജു വർഗീസ് അമേരിക്കയിൽ വ്യവസായി ആണെന്നാണ് പറഞ്ഞിരുന്നതെന്ന് അനന്യയുടെ മൊഴിയിലുണ്ട്.
പാര്ട്ടിയെ നിയന്ത്രിച്ചിരുന്നത് നന്ദകുമാർ
ഡി എസ് ജെ പിയിലെ അംഗമല്ലെങ്കിലും പാർട്ടിയെ നിയന്ത്രിച്ചിരുന്നത് നന്ദകുമാറായിരുന്നെന്നും അനന്യ മൊഴി നല്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിലാണ് ഡി എസ് ജെ പി സ്ഥാനാർഥികളെ നിർത്തിയത്.
ഇതിൽ കുണ്ടറ, വേങ്ങര, അരുർ ,ചെങ്ങന്നൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയത് നന്ദകുമാറാണ്. പ്രചരണത്തിന് വാഹനങ്ങളും നന്ദകുമാർ വിട്ടു കൊടുത്തു.
ചില മണ്ഡലങ്ങളിൽ പ്രവർത്തനത്തിനായി ആളുകളെയും വിട്ടു കൊടുത്തു.സ്ഥാനാർഥികൾക്കായി ലക്ഷങ്ങൾ നന്ദകുമാർ ചിലവഴിച്ചതായും മൊഴിയിലുണ്ട്.
ഡിഎസ്ജെപിയുടെ ഭാരവാഹിയല്ലാത്ത നന്ദകുമാറിനെതിനെ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ കൺവീനറാക്കിയത് എന്തിനെന്നും, നന്ദകുമാർ സ്ഥാനാർഥികളെ നിർത്തിയതെന്തിനെന്നും, ലക്ഷങ്ങൾ ചിലവഴിച്ചതിന് പിന്നിലെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം ശക്തമാക്കുമെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ എസിപി വൈ .നിസാമുദീൻ പറഞ്ഞു.