ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാനെതിരായ മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ ചൂടറിഞ്ഞ് ബോളിവുഡ് നടി അനന്യ പാണ്ഡെ.
നടി ചോദ്യം ചെയ്യലിനായി വൈകിയാണ് ഹാജരായത്. എന്‍സിബിയുടെ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയുടെ താക്കീതും നടിക്ക് ലഭിച്ചു.
മൂന്ന് മണിക്കൂര്‍ വൈകിയാണ് നടി എത്തിയത്. അത്രയും നേരം അനന്യക്കായി കാത്തിരിക്കുകയായിരുന്നു എന്‍സിബി ഉദ്യോഗസ്ഥര്‍.
ഇത് ശരിക്കും വാങ്കഡെയെ ചൊടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 11 മണിയോടെ എന്‍സിബി ഓഫീസില്‍ ഹാജരാവാനായിരുന്നു അനന്യ പാണ്ഡെയോട് എന്‍സിബി ആവശ്യപ്പെട്ടത്.
എന്നാല്‍ പിതാവ് ചുങ്കി പാണ്ഡെയ്ക്കൊപ്പം വൈകിയാണ് നടിയെത്തിയത്.
ഇത് നിന്റെ പ്രൊഡക്ഷന്‍ കമ്പനിയല്ല നേരം വൈകി വരാന്‍, ഇത് കേന്ദ്ര ഏജന്‍സിയുടെ ഓഫീസാണെന്നും നടിയോട് സമീര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ചോദ്യം ചെയ്യലിനു വിളിച്ചാല്‍ കൃത്യസമയത്ത് ഹാജരാവണമെന്നും സമീര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാലു മണിക്കൂറോളമാണ് അനന്യയെ എന്‍സിബി ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ഹാജരാവാനാണ് അനന്യയോട് എന്‍സിബി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ നടിക്കെതിരെ തെളിവുകളൊന്നും എന്‍സിബിക്ക് ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിലും ഫലമുണ്ടായിട്ടില്ല. അതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
അനന്യ മയക്കുമരുന്ന് എത്തിച്ച് കൊടുത്തു എന്ന് വിശ്വസിക്കുന്നുണ്ട് എന്‍സിബി. എന്നാല്‍ വാട്സ്ആപ്പ് ചാറ്റുകള്‍ വച്ച് മാത്രം നടിയെ അറസ്റ്റ് ചെയ്യാനാവില്ല.
ദുരൂഹമായ സാഹചര്യത്തില്‍ നിന്ന് നടിയെ ഇതുവരെ അറസ്റ്റും ചെയ്തിട്ടില്ല. അങ്ങനെ വരുമ്പോള്‍ തെളിവ് ശേഖരണം മാത്രമാണ് എന്‍സിബിക്ക് മുന്നിലുള്ള ഏക വഴി.
അതേസമയം മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ അനന്യക്ക് വിജയ് ചിത്രത്തിലെ അവസരവും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
വിജയ്യുടെ കരിയറിലെ 66-മത് ചിത്രത്തിലാണ് നടിയെ നായികയായി പരിഗണിച്ചിരുന്നത്. അതാണ് ഇപ്പോള്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേസില്‍ തത്കാലം നടിക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് വിവരം.
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനുമായി അനന്യ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നാണ് എന്‍സിബി പറയുന്നത്.
കഞ്ചാവ് വലിച്ചു എന്നെല്ലാം പലതവണയായിട്ടുള്ള ചാറ്റില്‍ അനന്യ പറയുന്നുണ്ട്. എന്നാല്‍ താന്‍ സിഗരറ്റിനെ കുറിച്ചാണ് ആര്യനുമായി സംസാരിച്ചതെന്നാണ് അനന്യ പറയുന്നത്.
ഇത് എന്‍സിബി കഞ്ചാവാണെന്നും മയക്കുമരുന്നാണെന്നുമൊക്കെ വ്യാഖ്യാനിക്കുകയാണെന്നും അനന്യ പറയുന്നു. രണ്ടാം റൗണ്ട് ചോദ്യം ചെയ്യലാണ് ഇക്കഴിഞ്ഞ ദിവസം കഴിഞ്ഞത്.