ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് യുവനായിക അനന്യ പാണ്ഡെ. നടന് ചങ്കി പാണ്ഡെയുടെ മകളായ അനന്യ, കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലായിരുന്ന അനന്യ അന്ന് മുതല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്.
താരപുത്രിയായതിനാല്‍ സ്വജനപക്ഷപാതത്തിന്റെ പേരിലുള്ള വിമർശനങ്ങളും നടിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയിമിംഗും അനന്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
തന്റെ മെലിഞ്ഞ ശരീരത്തിന്റെ പേരിലായിരുന്നു പലപ്പോഴും അനന്യ വിമര്‍ശിക്കപ്പെട്ടിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയായിരുന്നു അനന്യ പാണ്ഡെ.
ഇപ്പോഴിതാ ബോഡി ഷെയിമിംഗും മറ്റു പരിഹാസങ്ങളുമൊക്കെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനന്യ. എല്ലെ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
ഹൈസ്കൂൾ എല്ലാവർക്കും ബുദ്ധിമുട്ടുള്ള സമയമാണ്. ഓരോരുത്തർക്കും അവരുടേതായ അരക്ഷിതാവസ്ഥയുണ്ടാകും, അത് ഒരിക്കലും മെച്ചപ്പെടില്ല. എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും അരക്ഷിതാവസ്ഥ തോന്നാറുണ്ട്. അത് ചിലപ്പോൾ നമ്മുടെ ശരീരത്തെക്കുറിച്ചും ആരെങ്കിലും പറഞ്ഞ കമന്റിനെത്തുടർന്നാകാം.
അല്ലെങ്കിൽ ഒരു ദിവസം നമുക്ക് സ്വയം തോന്നുന്നതാകാം. അങ്ങനെ ഏത് വിധത്തിലുമാകാം. സോഷ്യൽ മീഡിയ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയില്ല.
അത് മെല്ലെ മെല്ലെ നിങ്ങളെ ബാധിക്കും, അതിലെ നെഗറ്റിവിറ്റി വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് എനിക്ക് ഉത്കണ്ഠയോ സങ്കടമോ അസന്തുഷ്ടിയോ തോന്നുന്ന പേജുകൾ ഒഴിവാക്കാനും അവ അൺഫോളോ ചെയ്യാനുമൊക്കെ തുടങ്ങിയത്- അനന്യ വ്യക്തമാക്കി.