ആനന്ദം എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന നടിയാണ് അനാർക്കലി മരിക്കാർ. 2016 ലാണ് ആനന്ദം റിലീസ് ചെയ്യുന്നത്. പിന്നീട് വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചു. സുലൈഖ മൻസിൽ, ബി മുതൽ 44 വരെ എന്നിവയാണ് അനാർക്കലിയുടെ പുതിയ സിനിമകൾ.
അടുത്തയിടെ ഒരഭിമുഖത്തിൽ തനിക്ക് ദുരുദ്ദേശ്യത്തോടെ വന്ന കോളിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. തനിക്ക് അസ്വാഭികമായി തോന്നിയ ഒരു ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ചും അനാർക്കലി സംസാരിച്ചു.
പുള്ളി എല്ലാ ദിവസവും പുള്ളിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മെസേജയയ്ക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. മുഴുവനിരുന്ന് വായിക്കും.
ഞങ്ങൾ റിലേഷനാണെന്ന രീതിയിലാണ് പുള്ളി എന്നോട് സംസാരിക്കുന്നത്. ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോൾ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ.
എനിക്ക് ഭയങ്കര ഇന്ററസ്റ്റിംഗ് ആയാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്നം പുള്ളിക്കുണ്ട്. പുള്ളി ഓക്കെ അല്ല- അനാർക്കലി പറഞ്ഞു.
കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തനിക്ക് വന്നിട്ടില്ലെന്ന് അഭിമുഖത്തിനിടെ മറ്റൊരു ചോദ്യത്തിനു മറുപടിയായി അനാർക്കലി പറഞ്ഞു.
ആരും അങ്ങനെ എന്നോട് മോശമായൊന്നും ചോദിച്ചിട്ടില്ല. അതെന്താ എന്നോടാരും അങ്ങനെ ചോദിക്കാത്തതെന്ന് ഞാനെപ്പോഴും വിചാരിക്കും. എന്നെക്കാണുമ്പോൾ ഒരു ബോൾഡ് ഫീലിംഗ് ഒക്കെയുണ്ടല്ലോ.
അതാണോയെന്ന് അറിയില്ല. പക്ഷെ അടുത്തിടെ ഒരനുഭവം ഉണ്ടായി. ദുബായിയിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാർട്ടിയുണ്ട്. പാർട്ടി കഴിഞ്ഞിട്ട് അവിടെതന്നെ നിൽക്കണമെന്ന് പറഞ്ഞു.
അതെന്തിന് അവിടെതന്നെ നിൽക്കണം എന്ന് ചോദിച്ചു. ചോദിച്ച് ചോദിച്ച് അവസാനം അയാൾ പറഞ്ഞു. എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്മെന്റ് ഒന്നും പ്രശ്നമല്ലെന്നും പറഞ്ഞു.
എനിക്കാണെങ്കിൽ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോടങ്ങനെ ചോദിച്ചല്ലോയെന്ന്. താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. താത്പര്യമുണ്ടാവാൻ ചാൻസുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോ എന്ന് ഞാൻ പറഞ്ഞു-അനാർക്കലി ചിരിച്ച് കൊണ്ട് പറഞ്ഞു.