ആലുവ: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്പനക്കാരെയും കണ്ടെത്താൻ പോലീസൊരുക്കിയ വലയിൽ കുടുങ്ങിയത് ന്യൂജെൻ ലഹരി മാഫിയയിലെ പ്രധാനി.
പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32)നെയാണ് വില്പനയ്ക്കായി കൊണ്ടുവന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എംഡിഎമ്മുമായി റെയിൽവേ സ്റ്റേഷനു സമീപം വച്ച് ആലുവ പോലീസാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.
അനസിൽനിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരും. ഗോവയിൽനിന്നും ആലുവയിലെത്തിച്ച് യുവാക്കളുടെ ഇടയിൽ വില്പന നടത്തി വരികയായിരുന്നു.
അനസ് ഗോവയിൽ മയക്കുമരുന്നു വാങ്ങാൻ പോയ വിവരം പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് കുറച്ചു ദിവസങ്ങളായി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
നാട്ടിലെത്തിക്കുന്ന ലഹരിമരുന്നുകൾ ഡാർക്ക് ഒൺലൈൻ സൈറ്റുകൾ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്. വിദ്യാർത്ഥികളടക്കം ആവശ്യക്കാരായി എത്തിയിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു.
ഗോവ കേന്ദ്രമാക്കിയുള്ള ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാൾ. നേരത്തെ സമാനമായ കേസിൽ മുളന്തുരുത്തി പോലീസ് അനസിനെ പിടികൂടിയിട്ടുണ്ട്.
ആലുവ ഡിവൈഎസ്പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം ബാറുകള്‍ക്കും മറ്റും പ്രവര്‍ത്തനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യാജ വാറ്റും അനധികൃത മദ്യ വില്പനയും മയക്കുമരുന്ന് വിപണനവും തടയുന്നതിന് ജില്ലാ പോലീസ് മേധാവി കർശന നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധനകള്‍ ശക്തക്കിയിട്ടുണ്ട്. ഇ
തിന്റെ ഭാഗമായി കാലടി പോലീസ് കഴിഞ്ഞ ദിവസം വ്യാജ ചാരായം പിടികൂടിയിരുന്നു.